ധനമന്ത്രി കെ.എൻ ബാലഗോപാൽ കേന്ദ്ര ധനമന്ത്രി നിർമല സീതാരാമനെ സന്ദർശിച്ചപ്പോൾ | ഫോട്ടോ: പി.ആർ.ഡി.
ഡല്‍ഹി: സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കുമുള്ള ജി.എസ്.ടി കുടിശ്ശിക വിതരണം ചെയ്ത് കേന്ദ്രസര്‍ക്കാര്‍. 75,000 കോടി രൂപയാണ് ഈ ഇനത്തില്‍ വിതരണം ചെയ്തിരിക്കുന്നത്. ഇതിന്റെ ഭാഗമായി കേരളത്തിന് 4122 കോടി രൂപയാണ് ലഭ്യമാവുക. കോവിഡ് രണ്ടാം തരംഗം സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തില്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് വലിയ ആശ്വാസമാകുന്നതാണ് നടപടി.
ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ ഇന്ന് കേന്ദ്ര ധനമന്ത്രി നിര്‍മ്മലാ സീതാരാമനെ സന്ദര്‍ശിച്ചിരുന്നു. സംസ്ഥാനങ്ങള്‍ക്ക് കിട്ടാനുള്ള ജി.എസ്.ടി കുടിശ്ശിക വിതരണം ചെയ്യണമെന്ന് കെ.എന്‍. ബാലഗോപാല്‍ ധനമന്ത്രിയോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഈ വിഷയത്തില്‍ വളരെ പെട്ടെന്നുള്ള നടപടിയാണ് കേന്ദ്രം സ്വീകരിച്ചത്.
രണ്ട് തരത്തിലുള്ള വായ്പയെടുത്താണ് കേന്ദ്രം സംസ്ഥാനങ്ങള്‍ക്ക് പണം വിതരണം ചെയ്യുന്നത്. അഞ്ച് വര്‍ഷത്തെ സെക്യൂരിറ്റിയിലും മൂന്ന് വര്‍ഷത്തെ സെക്യൂരിറ്റിയിലുമാണ് തുക വിതരണം ചെയ്യുക.
കേരളത്തിന് 4500 കോടിയോളം രൂപയാണ് കിട്ടാനുള്ളത്. കേന്ദ്രത്തിന്റെ നയം അനുസരിച്ച് അഞ്ച് വര്‍ഷത്തെ സെക്യൂരിറ്റി ഇനത്തില്‍ 3765 കോടിയും മൂന്ന് വര്‍ഷത്തെ സെക്യൂരിറ്റി ഇനത്തില്‍ 357 കോടി രൂപയുമാണ് കേരളത്തിന് ലഭിക്കുക. സംസ്ഥാനങ്ങള്‍ക്ക് ഏറെ ആശ്വാസം പകരുന്ന നടപടിയാണ് കേന്ദ്രത്തിന്റെ ഭാഗത്ത് നിന്നുണ്ടായിരിക്കുന്നതെന്നാണ് വിലയിരുത്തല്‍.
Content Highlights: central government distriibutes 75,000cr to states as GST pendings
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..