ഫെബ്രുവരി 14-ന് കൗ ഹഗ് ഡേ ആചരിക്കുന്നതിനുള്ള മൃഗസംരക്ഷണ ബോർഡിന്റെ ആഹ്വാനം
ന്യൂഡല്‍ഹി: ഫെബ്രുവരി 14 'കൗ ഹഗ് ഡേ' ആയി ആചരിക്കാന്‍ ആഹ്വാനംചെയ്ത് കേന്ദ്ര മൃഗസംരക്ഷണ ബോര്‍ഡ്. പശു ഇന്ത്യന്‍ സംസ്‌കാരത്തിന്റെ നട്ടെല്ലാണെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. കൗ ഡേ ആചരിക്കാനായി പുറത്തിറക്കിയ സര്‍ക്കുലറില്‍ പാശ്ചാത്യ സംസ്‌കാരത്തിന്റെ അതിപ്രസരം ഇന്ത്യന്‍ സമൂഹത്തിലുണ്ടെന്നും മൃഗ സംരക്ഷണ ബോര്‍ഡ് കുറ്റപ്പെടുത്തുന്നു. കേന്ദ്ര മൃഗസംരക്ഷണ വകുപ്പിന്റെ അനുമതിയോടെയാണ് 'കൗ ഹഗ് ഡേ' ആചരിക്കാനുള്ള ആഹ്വാനമെന്ന് മൃഗസംരക്ഷണ ബോര്‍ഡ് നിയമോപദേശകന്‍ വിക്രം ചന്ദ്രവംശി മാതൃഭൂമി ന്യൂസിനോട് പറഞ്ഞു.
ഫെബ്രുവരി ആറിനാണ് ഇത് സംബന്ധിച്ച സര്‍ക്കുലര്‍ കേന്ദ്ര മൃഗ സംരക്ഷണ ബോര്‍ഡ് പുറത്തിറക്കിയത്. പാശ്ചാത്യ സംസ്‌കാരത്തിന്റെ പുരോഗതി വേദപാരമ്പര്യത്തെ നാശത്തിന്റെ വക്കില്‍ എത്തിച്ചിരിക്കുന്നു. പാശ്ചാത്യ സംസ്‌കാരത്തിന്റെ അതിപ്രസരം നമ്മുടെ പൈതൃകം മറന്നുപോകാന്‍ ഇടയാക്കിയിരിക്കുന്നു. ഈ ഘട്ടത്തില്‍ പശുവിനെ കെട്ടിപ്പിടിച്ച് ആഘോഷിക്കുന്നത് വൈകാരികമായ സമൃദ്ധിയ്ക്ക് കാരണമാകും. അതുകൊണ്ട് ഫെബ്രുവരി 14 'കൗ ഹഗ് ഡേ' ആയി ആചരിക്കാമെന്ന് മൃഗ സംരക്ഷണ ബോര്‍ഡിന്റെ സര്‍ക്കുലറില്‍ പറയുന്നു.
ഫെബ്രുവരി 14-ന് വാലന്റൈന്‍സ് ഡേ ആയാണ് ആഘോഷിക്കപ്പെടുന്നത്. എന്നാല്‍ ഇത്തരം ആഘോഷങ്ങള്‍ ഇന്ത്യന്‍ സംസ്‌കാരത്തിന്റെ ഭാഗമല്ല എന്ന് ചൂണ്ടിക്കാട്ടി നിരവധി ഹൈന്ദവ സംഘടനകള്‍ നേരത്തേ രംഗത്തെത്തിയിരുന്നു. വാലന്റൈന്‍സ് ദിനത്തില്‍ കമിതാക്കള്‍ക്ക് നേരെ ആക്രമണം ഉണ്ടാകുന്ന സാഹചര്യവും ഉണ്ടായിരുന്നു.
Content Highlights: Central government asks to observe Cow Hug Day on February 14
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..