ന്യൂഡല്‍ഹി: കോവിഡിന്റെ മൂന്നാം തരംഗം നേരിടാന്‍ കേന്ദ്ര സര്‍ക്കാര്‍ ഇരുപതിനായിരം കോടി രൂപയുടെ സാമ്പത്തിക പാക്കേജ് തയ്യാറാക്കുന്നു. കേന്ദ്ര ആരോഗ്യ, ധനകാര്യ മന്ത്രാലയങ്ങള്‍ സംയുക്തമായാണ് പാക്കേജ് തയ്യാറാക്കുന്നത്. കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം ലഭിച്ചാല്‍ ഉടന്‍ പാക്കേജ് പ്രഖ്യാപിക്കും എന്ന് കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി.

മൂന്നാം തരംഗം ഉണ്ടായാല്‍ വൈറസിന്റെ വ്യാപനം തടയുന്നതിനുള്ള പദ്ധതികള്‍ നടപ്പിലാക്കാനാണ് പ്രത്യേക സാമ്പത്തിക പാക്കേജ് കേന്ദ്ര സര്‍ക്കാര്‍ തയ്യാറാക്കുന്നത്. കോവിഡ് ചികത്സാകേന്ദ്രങ്ങളുടെയും, ആശുപത്രി കിടക്കകളുടെയും എണ്ണം കൂട്ടല്‍, മരുന്നുകള്‍, മെഡിക്കല്‍ ഉപകരണങ്ങള്‍ വാങ്ങല്‍ എന്നിവയ്ക്കാണ് പാക്കേജില്‍ മുന്‍ഗണന നല്‍കിയിരിക്കുന്നത്. 

ഗ്രാമീണ മേഖലകളിലെ ആശുപത്രികളില്‍ പോലും ഓക്‌സിജന്‍ ഉള്‍പ്പടെ കോവിഡ് ചിക്ത്‌സയ്ക്ക് ആവശ്യമായ എല്ലാ സജ്ജീകരണങ്ങളും ഒരുക്കുന്നതിനുളള പണം പാക്കേജില്‍ ഉള്‍പ്പെടുത്തും. ദേശീയ തലത്തിലും, സംസ്ഥാന തലത്തിലുമുളള ആരോഗ്യകേന്ദ്രങ്ങളുടെ അടിസ്ഥാന സൗകര്യ വികസനത്തിനും പാക്കേജിന്റെ ഭാഗമായി പണം നല്‍കും. പരിശോധനകളുടെ എണ്ണം കൂട്ടി വൈറസ് ബാധിതരെ കണ്ടെത്തി ചികിത്സിക്കുക എന്ന രീതി ഫലപ്രദമാണെന്ന് ഒന്നാംതരംഗത്തില്‍ വ്യക്തമായിരുന്നു. ഈ സാഹചര്യത്തില്‍ മൂന്നാം തരംഗം നേരിടാന്‍ കൂടുതല്‍ ലാബുകള്‍ സജ്ജീകരിക്കാനും പാക്കേജില്‍ പണം നീക്കി വയ്ക്കും.

ഡെല്‍റ്റ വൈറസിന്റെ വ്യാപനം വര്‍ധിക്കുന്ന പശ്ചാത്തലത്തില്‍ പാക്കേജ് സംബന്ധിച്ച പ്രഖ്യാപനം വൈകില്ല എന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ നല്‍കുന്ന സൂചന. മൂന്നാം തരംഗം ഒഴിവാക്കാനാകില്ലെന്ന് ഡല്‍ഹി എയിംസ് ഡയറക്ടര്‍ ഡോ. രണ്‍ദീപ് ഗുലേറിയ ഉള്‍പ്പടെ ആരോഗ്യ മേഖലയിലെ വിദഗ്ദ്ധര്‍ നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്. അതിനാലാണ് വൈറസ് വ്യാപനം പരമാവധി തടയുന്നതിനുള്ള പദ്ധതികള്‍ കേന്ദ്ര സര്‍ക്കാര്‍ മുന്‍കൂട്ടി ആസൂത്രണം ചെയ്യുന്നത്. മൂന്നാം വ്യാപനം നേരിടുന്നതിനെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ സംസ്ഥാന സര്‍ക്കാരുകളുടെ യോഗവും കേന്ദ്രം ഉടന്‍ വിളിച്ച് ചേര്‍ത്തേക്കും.

Content Highlights: Center to tackle Covid's third wave with Rs 20,000 crore package