ന്യൂഡൽഹി: രാജ്യത്തെ എല്ലാ പൗരന്മാർക്കും വാക്സിൻ സൗജന്യമായി വിതരണം ചെയ്യാൻ കേന്ദ്ര സർക്കാരിനോട് നിർദേശിക്കണമെന്ന് ആവശ്യപ്പെട്ട് മുസ്ലീം ലീഗ് നേതാവും എം എൽ എ യുമായ ഡോ. എം കെ മുനീർ സുപ്രീം കോടതിയെ സമീപിച്ചു. സുപ്രീം കോടതി സ്വമേധയാ എടുത്ത കേസിൽ കക്ഷി ചേരാൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് കോടതിയിൽ അപേക്ഷ നൽകി. വിവേചനപരവും ഏകപക്ഷീയവുമായ കേന്ദ്ര സർക്കാരിന്റെ വാക്സിൻ നയം റദ്ദാക്കണമെന്നും അപേക്ഷയിൽ ആവശ്യപ്പെട്ടിട്ടുണ്ട്

സൗജന്യമായി കോവിഡ് പ്രതിരോധ വാക്സിൻ നൽകുന്നതിന് 35,000 കോടി രൂപ 2021-22 സാമ്പത്തിക വർഷത്തെ പൊതുബഡ്ജറ്റിൽ നീക്കി വച്ചിട്ടുള്ളതായി അപേക്ഷയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഇതിന് പുറമെ പി എം കെയേഴ്സ് ഫണ്ടിൽ നിന്നുൾപ്പടെ സൗജന്യ വാക്സിൻ വിതരണത്തിനായി പണം വിനിയോഗിക്കാൻ നിർദേശിക്കണം. ദേശീയ ദുരന്ത നിവാരണ പദ്ധതിയുടെ അടിസ്ഥാനത്തിൽ വാക്സിനേഷൻ ഏറ്റെടുക്കാൻ കേന്ദ്ര സർക്കാരിനോട് നിർദേശിക്കണം എന്ന് സുപ്രീം കോടതിയിൽ കക്ഷി ചേരാൻ നൽകിയ അപേക്ഷയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.

നിലവിൽ കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച വാക്സിൻ നയം ഭരണഘടനയുടെ 14,19, 21 അനുച്ഛേദങ്ങളുടെ ലംഘനമാണ്. സ്വകാര്യ വാക്സിൻ നിർമ്മാണ കമ്പനികൾക്ക് മൂന്നിരട്ടിവരെ അധികം വില ഈടാക്കാൻ കഴിയുന്ന സാഹചര്യമാണ് നിലനിൽക്കുന്നതെന്നും അഭിഭാഷകൻ ഹാരിസ് ബീരാൻ മുഖേനെ ഫയൽ ചെയ്ത അപേക്ഷയിൽ വ്യക്തമാക്കിയിട്ടുണ്ട്. അതിനാൽ വാക്സിൻ നയം റദ്ദാക്കണമെന്നും അപേക്ഷയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.

കേന്ദ്ര സംസ്ഥാന സർക്കാരുകൾക്ക് ഒരേ വിലയ്ക്ക് വാക്സിൻ നൽകാൻ നിർദേശിക്കണം എന്നും സുപ്രീം കോടതിയിൽ ഫയൽ ചെയ്ത അപേക്ഷയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. നേരത്തെ ഇതേ ആവശ്യം ഉന്നയിച്ച് മുനീർ ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാൽ വാക്സിൻ നയവുമായി ബന്ധപ്പെട്ട വിഷയം സ്വമേധയാ എടുത്ത കേസിലൂടെ സുപ്രീം കോടതി പരിഗണിക്കുന്നതിനാൽ മുനീറിന്റെ ആവശ്യം ഹൈക്കോടതി പരിഗണിച്ചിരുന്നില്ല. മുനീറിന്റെ അപേക്ഷ ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് നാളെ പരിഗണിക്കും.

 

Content Highlights:Center should be instructed to provide free vaccine to all, MK Muneer approached the Supreme Court