ന്യൂഡൽഹി: രാജ്യത്തിന് നഷ്ടപ്പെട്ട വിലപിടിച്ച പുരാവസ്തുക്കളിൽ 75 ശതമാനവും കഴിഞ്ഞ ഏഴ് വർഷം കൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി സർക്കാർ തിരികെ കൊണ്ടുവന്നുവെന്ന് കേന്ദ്രമന്ത്രി ജി. കിഷൻ റെഡ്ഡി. രാജ്യസഭയിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

1976 മുതൽ ഇതുവരെ 54 വിലപിടിച്ച പുരാവസ്തുക്കളാണ് വിദേശ രാജ്യങ്ങളിൽ നിന്ന് തിരികെ കൊണ്ടുവന്നത്. ഇന്ത്യയിൽ നിന്ന് വിദേശികൾ കൊണ്ടു പോയ നിരവധി പൈതൃക സ്വത്തുക്കളെ തിരിച്ച് പിടിക്കാൻ സാധിച്ചു എന്ന കാര്യത്തിൽ നമുക്ക് അഭിമാനിക്കാം. കഴിഞ്ഞ ഏഴ് വർഷത്തിനുള്ളിലാണ് ഏറ്റവും കൂടുതൽ പൈതൃക സ്വത്തുക്കൾ തിരിച്ചു പിടിച്ചത്. 2014 മുതൽ 41 പുരാവസ്തുക്കളാണ് വിദേശ രാജ്യങ്ങളിൽ നിന്ന് തിരികെ ഇന്ത്യയിലേക്ക് കൊണ്ടുവന്നത്. തിരിച്ച് രാജ്യത്തേക്ക് കൊണ്ടുവന്ന പുരാവസ്തുക്കളുടെ75 ശതമാനത്തോളമാണ് ഇതെന്ന് കേന്ദ്ര സാംസ്കാരിക, ടൂറിസം മന്ത്രി വ്യക്തമാക്കി. 

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇടപെടൽ കൊണ്ടാണ് ഇത് സാധ്യമായത്. പ്രധാനമന്ത്രി വിവിധ രാഷ്ട്രത്തലവന്മാരുമായി ഉണ്ടാക്കിയെടുത്ത വ്യക്തിബന്ധങ്ങളാണ് പുരാവസ്തുക്കൾ രാജ്യത്തിന് വളരെ വേഗത്തിൽ തന്നെ തിരികെ ലഭിക്കാൻ കാരണമായതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. 

അതേസമയം നെഹ്റു - ഗാന്ധി കുടുംബങ്ങൾക്ക് ഇന്ത്യയുടെ പൈതൃക സ്വത്തുക്കൾ സംരക്ഷിക്കുന്നതിനേക്കൾ താൽപര്യം അവരുടെ സമ്പത്ത് വർധിപ്പിക്കുന്നതിലായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു.

കോൺഗ്രസ് ഭരിച്ച 25 വർഷക്കാലത്തിനുള്ളിൽ വെറും 10 പുരാവസ്തുക്കൾ മാത്രമായിരുന്നു രാജ്യത്തിലേക്ക് തിരികെ കൊണ്ടുവന്നതെന്നും കേന്ദ്രമന്ത്രി കുറ്റപ്പെടുത്തി.

Content Highlights: Center minister g kishan reddy says that 54 stolen antiquities retrieved since 1976