ന്യൂഡൽഹി: നിയന്ത്രണരേഖയിലെ പാകിസ്താന്റെ വെടിനിർത്തൽ കരാർ ലംഘനത്തിൽ കടുത്ത നടപടിയുമായി ഇന്ത്യ. സംഭവത്തിൽ പാക് നയതന്ത്ര ഉദ്യോഗസ്ഥനെ ഇന്ത്യ വിളിച്ചുവരുത്തും. പാക് ഹൈക്കമ്മീഷനിലെ കൗൺസലർ ജവാദ് അലിയാകും വിദേശകാര്യ മന്ത്രാലയ ഉദ്യോഗസ്ഥർക്ക് മുന്നിൽ ഹാജരാകുകയെന്നാണ് റിപ്പോർട്ട്. കശ്മീരിലെ വെടിവെപ്പിൽ വിദേശകാര്യ മന്ത്രാലയത്തിലെ ജോ. സെക്രട്ടറി ജെ.പി. സിങ് പാക് പ്രതിനിധിയെ ശക്തമായ പ്രതിഷേധം അറിയിക്കും.

വെള്ളിയാഴ്ചയുണ്ടായ സംഭവവികാസങ്ങളെ തുടർന്ന് പാകിസ്താനിലെ ഇന്ത്യൻ നയതന്ത്രജ്ഞനെ പാകിസ്താൻ വിദേശകാര്യ ഓഫീസ് രണ്ട് തവണ വിളിച്ചിരുന്നു. ഇതിനുപിന്നാലെയാണ് ഇന്ത്യയിലെ പാക് പ്രതിനിധിയെയും വിദേശകാര്യ മന്ത്രാലയം വിളിച്ചുവരുത്തുന്നത്.

കഴിഞ്ഞദിവസം വെടിനിർത്തൽ കരാർ ലംഘിച്ച് പാകിസ്താൻ വെടിവെപ്പ് നടത്തിയതോടെയാണ് ഇന്ത്യ ശക്തമായ നടപടികളുമായി മുന്നോട്ടുപോകുന്നത്. കഴിഞ്ഞദിവസമുണ്ടായ പാക് വെടിവെപ്പിൽ അഞ്ച് സൈനികർ വീരമൃത്യു വരിച്ചിരുന്നു. ആക്രമണത്തിൽ അഞ്ച് സാധാരണക്കാരും കൊല്ലപ്പെട്ടു. ഇതിനുപിന്നാലെ ഇന്ത്യ നടത്തിയ തിരിച്ചടിയിൽ 11 പാക് സൈനികർ കൊല്ലപ്പെടുകയും 16 പാക് സൈനികർക്ക് പരിക്കേൽക്കുകയും ചെയ്തു.

Content Highlights:ceasefire violation india to summon pak diplomat