ന്യൂഡല്‍ഹി: അഫ്ഗാനിസ്താനില്‍നിന്ന് ഇന്ത്യക്ക് നേരെ ഭീകരവാദപ്രവര്‍ത്തനങ്ങളുണ്ടായാല്‍ ശക്തമായ തിരിച്ചടി നല്‍കുമെന്ന് താലിബാന് സംയുക്ത സേനാ മേധാവി ബിപിന്‍ റാവത്തിന്റെ മുന്നറിയിപ്പ്. അഫ്ഗാനിസ്താനില്‍നിന്ന് എന്തെങ്കിലും തരത്തിലുള്ള വിധ്വംസക പ്രവര്‍ത്തനം ഉണ്ടാവുകയും അത് ഇന്ത്യയിലേക്ക് എത്തുകയുമാണെങ്കില്‍, രാജ്യത്ത് തീവ്രവാദത്തെ എങ്ങനെയാണോ നേരിടുന്നത് അതേ രീതിയില്‍ അത് കൈകാര്യം ചെയ്യും. അദ്ദേഹം വ്യക്തമാക്കി. 

ആഗോളതലത്തില്‍ തീവ്രവാദത്തിനെതിരെയുള്ള പോരാട്ടത്തില്‍ ഒപ്പം സഹകരിക്കുന്നവരുടെ ചെറിയ സംഭാവനകള്‍ പോലും വിലമതിക്കുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇന്‍ഡോ- പസഫിക് മേഖലയിലെ പ്രശ്നങ്ങളും അഫ്ഗാനിലെ സ്ഥിതിയും വ്യത്യസ്തമാണെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യയുടെ വടക്കു ഭാഗത്തെയും പടിഞ്ഞാറു ഭാഗത്തെയും അയല്‍രാജ്യങ്ങള്‍ ആണവശക്തികളാണെന്ന് ചൈന, പാകിസ്താന്‍ എന്നിവരുടെ പേരെടുത്ത് പറയാതെ റാവത്ത് പരാമര്‍ശിച്ചു. പരമ്പരാഗതമായി വളരെ ശക്തരാണ് ഇന്ത്യയെന്നും എതിരാളികളെ പരമ്പരാഗത സേനയെ ഉപയോഗിച്ചുതന്നെ നേരിടാന്‍ സജ്ജമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Content Highlights: CDS Bipin Rawat on Taliban