ബെംഗളൂരു: മുഖ്യമന്ത്രി ബി. എസ് യെദ്യൂരപ്പ നടത്തിയ മന്ത്രിസഭാ വിപുലീകരണത്തെച്ചൊല്ലി കലുഷമായി കര്‍ണാടക സര്‍ക്കാര്‍. മന്ത്രിസഭാ വിപുലീകരണത്തില്‍ പരാതിയുള്ളവര്‍ക്ക് പാര്‍ട്ടി നേതൃത്വത്തെ സമീപിക്കാമെന്നും മോശം കാര്യങ്ങള്‍ പറഞ്ഞ് പാര്‍ട്ടിയുടെ സല്‍പ്പേരിന് കളങ്കംവരുത്തരുതെന്നും യെദ്യൂരപ്പ ആവശ്യപ്പെട്ടു. 

മറ്റുനേതാക്കളെ അവഗണിച്ച്‌ മുഖ്യമന്ത്രിയുടെ അടുപ്പക്കാരെയോ അദ്ദേഹത്തെ ബ്ലാക്ക്‌മെയില്‍ ചെയ്തവരെയോ മാത്രമേ മന്ത്രിസഭയിലേക്ക് പരിഗണിച്ചതുള്ളൂ എന്നാണ് ചില ബിജെപി നേതാക്കളുടെ ആരോപണം. ഇതിനെ ചൊല്ലിയാണ് കര്‍ണാടക ബിജെപിയില്‍ അഭിപ്രായ ഭിന്നത രൂക്ഷമായത്. 

"ബിജെപി എംഎല്‍എമാര്‍ക്ക് എന്തെങ്കിലും എതിര്‍പ്പുണ്ടെങ്കില്‍ അവര്‍ക്ക് ഡല്‍ഹിയിലേക്ക് പോകാം, എന്നിട്ട് ദേശീയ നേതാക്കളെ സന്ദര്‍ശിച്ച് എല്ലാ വിവരങ്ങളും പരാതികളും നല്‍കാം. ഞാന്‍ അതിനെ എതിര്‍ക്കില്ല. പക്ഷേ മോശം കാര്യങ്ങള്‍ പറഞ്ഞ് പാര്‍ട്ടിയുടെ സല്‍പ്പേരിന് കളങ്കംവരുത്തരുതെന്ന് ഞാന്‍ ആവശ്യപ്പെടുകയാണ്", മുഖ്യമന്ത്രി യെദ്യൂരപ്പ ബെംഗളൂരുവില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

"സിഡി ഉപയോഗിച്ച് ബ്ലാക്ക് മെയില്‍ ചെയ്തവരെയും വലിയ പണം നല്‍കിയവരെയും മാത്രമേ യെദ്യൂരപ്പ പരിഗണിച്ചിട്ടുള്ളൂ. സിഡി ഉപയോഗിച്ച് ബ്ലാക്കമെയില്‍ ചെയ്ത രണ്ടുപേരെ മന്ത്രിമാരാക്കുകയും ഒരാളെ രാഷ്ട്രീയ സെക്രട്ടറിയാക്കുകയും ചെയ്തു, ''ബിജെപി മുതിര്‍ന്ന നേതാവ് ബസനഗൗഡ ആര്‍ പാട്ടീല്‍ പറഞ്ഞു. മന്ത്രിസഭാ വിപുലീകരണത്തില്‍  പ്രകോപിതരായ ബിജെപി നേതാക്കളില്‍ ഒരാളാണ് പാട്ടീല്‍.

"വിശ്വസ്തത, സീനിയോറിറ്റി, ജാതി പ്രാതിനിധ്യം, പ്രാദേശിക പ്രാതിനിധ്യം എന്നിവയൊന്നും പരിഗണിച്ചില്ല. സിഡിയും ബ്ലാക്ക് മെയിലും മാത്രമായിരുന്നു ആകെ പരിഗണിച്ചത്. ഞങ്ങളെപ്പോലുള്ള പാര്‍ട്ടിയുടെ വിശ്വസ്തരായ പ്രവര്‍ത്തകരെ അവഗണിച്ചു എന്നിട്ട് അദ്ദേഹത്തെ സിഡി വെച്ച് ബ്ലാക്ക് മെയില്‍ ചെയ്തവരെ മന്ത്രിമാരാക്കി", പാട്ടീല്‍ കൂട്ടിച്ചേര്‍ത്തു.

എച്ച്. വിശ്വനാഥ്, എം.പി കുമാരസ്വാമി, സതീഷ് റെഡ്ഡി, ശിവനഗൗഡ നായക്, തിപ്പാരെഡി, യെദ്യൂരപ്പയുടെ അടുത്ത സഹായി എംപി രേണുകാചാര്യ എന്നിവരാണ് മറ്റ് വിമതര്‍.

മന്ത്രിസഭയിലുള്‍പ്പെടുത്തേണ്ട പുതിയ ഏഴ് എംഎല്‍എമാരുടെ പട്ടിക യെദ്യൂരപ്പ രാജ്ഭവനിലേക്കയച്ചതോടെയാണ് പാര്‍ട്ടിയിലെ വലിയ നേതാക്കളില്‍ നിന്ന് എതിര്‍പ്പുകള്‍ നേരിടേണ്ടി വന്നത്. പലരും സാമൂഹിക മാധ്യമങ്ങളിലൂടെയും മറ്റുമായി പരസ്യമായി തന്നെ എതിര്‍പ്പുകള്‍ പ്രകടിപ്പിച്ചു രംഗത്തെത്തി.

കര്‍ണാടക ഗവര്‍ണര്‍ വാജുഭായ് വാലയ്ക്ക് മുഖ്യമന്ത്രി അയച്ച പട്ടികയില്‍ ബില്‍ഗി എംഎല്‍എ മുരുകേഷ് നിരാനി, ഹുക്കേരി എംഎല്‍എ ഉമേഷ് കാട്ടി, സുള്ളിയ എംഎല്‍എ എസ് അങ്കാര, ചന്നപട്ടണ എംഎല്‍എ സിപി യോഗേശ്വര്‍,മഹാദേവപുര എംഎല്‍എ അരവിന്ദ് ലിംബാവലി, എംഎല്‍സി എംടിബി നാഗരാജ്, റാണെബെനൂര്‍ എംഎല്‍എ ആര്‍ ശങ്കര്‍ എന്നിവരുടെ പേരുകളാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്. 

മന്ത്രിസഭയില്‍ ഉള്‍പ്പെടുത്താന്‍ മുഖ്യമന്ത്രി നിര്‍ദേശിച്ച പേരുകള്‍ സര്‍ക്കാര്‍ ചീഫ് വിപ്പ് സുനില്‍ കുമാര്‍ കര്‍ക്കലയും കഴിഞ്ഞ ദിവസം അംഗീകരിച്ചിരുന്നില്ല. 

പാര്‍ട്ടിയോട് വിശ്വസ്തതയും കൂറും പുലര്‍ത്തുന്നവര്‍ക്ക് സ്ഥാനമില്ലെന്നത് ദുഃഖകരമായ വസ്തുതയാണ്. പാര്‍ട്ടിയോടുള്ള പ്രതിബദ്ധതയും വിശ്വസ്തതയും ബലഹീനതയല്ലെന്നും ബെല്‍ഗാം എംഎല്‍എ അഭയ് പാട്ടീലും പരസ്യമായി പ്രതികരിച്ചിരുന്നു.

കര്‍ണാടക മുഖ്യമന്ത്രി ബി.എസ് യെദ്യൂരപ്പയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി രേണുകാചാര്യയും മന്ത്രിസഭാ വിപുലീകരണ പട്ടിക അംഗീകരിച്ചില്ല. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ജനുവരി 16 ന് ബെംഗളൂരു സന്ദര്‍ശിക്കുമെന്നാണറിയുന്നത്.

content highlights: CD And Blackmail, BJP Leaders against Yediyurappa on Cabinet Expansion Row