ന്യൂഡല്‍ഹി: കസ്റ്റഡി പീഡനം തടയുന്നതിന് പോലീസ് സ്റ്റേഷനുകളില്‍ സി.സി.ടി.വി. വയ്ക്കുന്നത് സംബന്ധിച്ച മാര്‍ഗ്ഗരേഖ സുപ്രീം കോടതി പുറത്തിറക്കും. പോലീസ് സ്റ്റേഷനുകളിലെ സി.സി.ടി.വി. ദൃശ്യങ്ങള്‍ 45 ദിവസമെങ്കിലും സൂക്ഷിച്ച് വയ്ക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും ജസ്റ്റിസ് റോഹിങ്ടന്‍ നരിമാന്റെ അധ്യക്ഷതയിലുള്ള ബെഞ്ച് നിരീക്ഷിച്ചു. അതേസമയം, സ്വകാര്യത സംരക്ഷിച്ചുകൊണ്ട് വേണം. ക്യാമറകള്‍ സ്ഥാപിക്കേണ്ടതെന്നും സുപ്രീംകോടതി അഭിപ്രായപ്പെട്ടു.
കസ്റ്റഡി പീഡനം തടയുന്നതിന് രാജ്യത്തെ എല്ലാ പോലീസ് സ്റ്റേഷനുകളിലും സി.സി.ടി.വി. ക്യാമറകള്‍ വയ്ക്കണമെന്ന് 2018-ല്‍ സുപ്രീം കോടതി നിര്‍ദേശിച്ചിരുന്നു. ഈ ഉത്തരവ് പ്രകാരം ഏതൊക്കെ പോലീസ് സ്റ്റേഷനുകളില്‍ എവിടെയൊക്കെ എത്രയൊക്കെ സിസിടിവികള്‍ വെച്ചു എന്ന് അറിയിക്കാന്‍ സുപ്രീം കോടതി സംസ്ഥാന സര്‍ക്കാരുകളോടും, കേന്ദ്ര ഭരണ പ്രദേശങ്ങളോടും നിര്‍ദേശിച്ചിരുന്നു. എന്നാല്‍ ഭൂരിഭാഗം സംസ്ഥാനങ്ങളും കൃത്യമായ മറുപടി സുപ്രീം കോടതിക്ക് നല്‍കിയില്ല. കേരളം ഉള്‍പ്പടെ പല സംസ്ഥാനങ്ങളും നടപടി പുരോഗതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചില്ല.
ഈ സാഹചര്യത്തിലാണ് മാര്‍ഗ്ഗരേഖ പുറത്തിറക്കാന്‍ സുപ്രീം കോടതി തീരുമാനിച്ചത്. ക്യാമറകള്‍ ഇല്ലാത്ത സ്റ്റേഷനുകളിലെ അപ്രധാനമായ സ്ഥലങ്ങള്‍ കസ്റ്റഡി പീഡന കേന്ദ്രങ്ങളായി മാറുന്നത് തടയണമെന്നും കോടതി അഭിപ്രായപ്പെട്ടു. മികച്ച മൈക്രോ ഫോണുകളുള്ള സി സി ടി വികള്‍ സ്ഥാപിച്ചാല്‍ മാത്രമേ ദൃശ്യങ്ങള്‍ക്ക് ഒപ്പം ശബ്ദവും ലഭിക്കുകയുള്ളു എന്നും കോടതി ചൂണ്ടിക്കാട്ടി.
എന്നാല്‍ സ്വകാര്യത ലംഘിക്കുന്ന തരത്തില്‍ ആകരുതെന്നും ജസ്റ്റിസ് റോഹിങ്ടന്‍ നരിമാനും ജസ്റ്റിസ് കെ.എം. ജോസഫും ചൂണ്ടിക്കാട്ടി. പോലീസ് സ്റ്റേഷനുകളിലെ കസ്റ്റഡി പീഡനങ്ങള്‍ തടയുന്നതിന് മേല്‍നോട്ട സമിതികളിലേക്ക് ബന്ധപ്പെടാനുള്ള ഹെല്‍പ്പ് ലൈനുകള്‍ സ്ഥാപിക്കണമെന്ന് കേന്ദ്ര സര്‍ക്കാരിന് വേണ്ടി ഹാജരായ അറ്റോര്‍ണി ജനറല്‍ കെ.കെ. വേണുഗോപാല്‍ ആവശ്യപ്പെട്ടു.
Content Highlight: CCTV in police stations; Supreme Court will issue guidelines