പ്രതീകാത്മകചിത്രം | Photo : AP
ന്യൂഡല്‍ഹി: ഭൂമിക്കടിയിലൂടെ ലഭ്യമാകുന്ന പൊതുജന സേവനങ്ങള്‍ തടസപ്പെടാതിരിക്കാന്‍ സഹായകരമാകുന്ന കോള്‍ ബിഫോര്‍ യൂ ഡിഗ് (CBuD- Call Before u Dig) എന്ന മൊബൈല്‍ ആപ്ലിക്കേഷന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ലോഞ്ച് ചെയ്തു. ഡല്‍ഹിയില്‍ നടന്ന ഇന്റര്‍നാഷണല്‍ ടെലികമ്യൂണിക്കേഷന്‍ യൂണിയന്‍ (ITU) ഏരിയ ഓഫീസ് ആന്‍ഡ് ഇന്നൊവേഷന്‍ സെന്റര്‍ ഇന്‍ ഇന്ത്യയുടെ ഉദ്ഘാടനച്ചടങ്ങിലാണ് CBuD പുറത്തിറക്കിയത്. ഭൂഖനനം നടത്തുന്ന ഏജന്‍സികളും ഭൂഗര്‍ഭ സേവനങ്ങള്‍ ലഭ്യമാക്കുന്ന സ്ഥാപനങ്ങളും തമ്മിലുള്ള സഹവര്‍ത്തിത്വമാണ് ആപ്ലിക്കേഷന്‍ ലക്ഷ്യമിടുന്നത്. ഭൂമിയില്‍ ഏതെങ്കിലും തരത്തിലുള്ള ഖനനപ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന് മുമ്പ് ഇരുകൂട്ടരും പരസ്പരം ബന്ധപ്പെടുന്നത് ഭൂമിക്കടിയിലൂടെ ലഭ്യമാകുന്ന പൊതുജന സേവനങ്ങള്‍ തടസപ്പെടുന്നത് ഒഴിവാക്കാന്‍ സഹായിക്കുമെന്നാണ് വിലയിരുത്തല്‍.
എന്താണ് CBuD ആപ്ലിക്കേഷന്‍?
വാര്‍ത്താവിതരണ മന്ത്രാലയത്തിന്റെ കീഴിലുള്ള ടെലി കമ്യൂണിക്കേഷന്‍ വകുപ്പാണ് CBuD ആപ്പ് വികസിപ്പിച്ചത്. ഒരു നിശ്ചിത പ്രദേശത്ത് ഖനനം നടത്തുന്നതിന് മുമ്പ് ഭൂഗര്‍ഭത്തിലൂടെ കടന്നുപോകുന്ന സേവനങ്ങളുടെ വിവരം ലഭിച്ചാല്‍ സേവനങ്ങള്‍ക്ക് തടസം വരാത്ത രീതിയില്‍ ഖനനപ്രവര്‍ത്തനങ്ങള്‍ നടത്താന്‍ സാധിക്കും. കൂടാതെ, സേവനദാതാക്കള്‍ക്ക് ആപ്പിലൂടെ നടക്കാനിരിക്കുന്ന ഖനനപ്രവര്‍ത്തനങ്ങളെ കുറിച്ച് സൂചന ലഭിക്കുകയും ചെയ്യും. ഭൂഗര്‍ഭത്തിലൂടെ കടന്നു പോകുന്ന പാചകവാതകക്കുഴലുകള്‍, ശുദ്ധജലവിതരണ പൈപ്പുകള്‍, ഓപ്റ്റിക്കല്‍ ഫൈബര്‍ കേബിളുകള്‍ എന്നിവയുടെ സുരക്ഷ ഉറപ്പാക്കാന്‍ ആപ്പ് ഉപകാരപ്പെടും. സമയനഷ്ടവും ധനനഷ്ടവും ആപ്പിലൂടെ ഒഴിവാക്കാനാകും.
CBuD കൊണ്ടുള്ള നേട്ടമെന്ത്?
നിലവിലുള്ള ഭൂഗര്‍ഭസേവനങ്ങളെക്കുറിച്ച് ധാരണയില്ലാതെ ഭൂമി കുഴിക്കുമ്പോള്‍ സേവനദാതാക്കള്‍ക്ക് വന്‍തോതിലുള്ള ധനനഷ്ടം ഉണ്ടാകുന്നത് പതിവാണ്. കൂടാതെ സേവനതടസമുണ്ടാകുമ്പോള്‍ പൊതുജനങ്ങള്‍ക്ക് പ്രയാസം നേരിടുകയും ചെയ്യും. ടെലികോം മേഖലയില്‍ പ്രതിവര്‍ഷം ഒരു ലക്ഷത്തോളം ഓപ്റ്റിക്കല്‍ ഫൈബര്‍ കേബിളുകള്‍ ഭൂഖനനം മൂലം മുറിഞ്ഞുപോകുന്നുണ്ടെന്ന് സര്‍ക്കാര്‍ പറയുന്നു. ഇതിലൂടെ 3,000 കോടി രൂപയാണ് പ്രതിവര്‍ഷം നഷ്ടമുണ്ടാകുന്നത്. CBuD- ലൂടെ ഈ നഷ്ടം ഒഴിവാക്കാനാകുമെന്നാണ് കണക്കാക്കുന്നത്.
CBuD-യുടെ പ്രത്യേകതകള്‍
ഖനനപ്രവര്‍ത്തനം നടത്തുന്ന സ്ഥാപനങ്ങള്‍ക്ക് ഭൂഗര്‍ഭ സേവനദാതാക്കളുടെ പൂര്‍ണവിവരം ആപ്പിലൂടെ ലഭിക്കും. ഇതുവഴി ഇരുകൂട്ടര്‍ക്കും പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ സാധിക്കും. സേവനദാതാക്കള്‍ ജി.ഐ.എസിന്റെ സഹായത്തോടെ നിലവിലുള്ള ഭൂഗര്‍ഭ സേവനങ്ങളുമായി ബന്ധപ്പെട്ട വസ്തുക്കളുടെ രൂപരേഖ പി.എം. ഗതിശക്തി എന്‍.എം.പി. പ്ലാറ്റ്‌ഫോമില്‍ പങ്കുവെക്കുകയാണെങ്കില്‍ ഖനനപ്രവര്‍ത്തന ഏജന്‍സികള്‍ക്ക് കൂടുതല്‍ സഹായകരമാകും. ആപ്ലിക്കേഷന്‍ വഴി ഇരുകൂട്ടര്‍ക്കും എസ്എംഎസ്, ഇ-മെയില്‍, ഇന്‍-ആപ് നോട്ടിഫിക്കേഷനുകള്‍ ലഭിക്കും. കൂടാതെ ആപ്പിലുള്ള ക്ലിക്ക് ടു കോള്‍ (Click to call) ഫീച്ചര്‍ ഉപയോഗിച്ചും ബന്ധപ്പെടാന്‍ സാധിക്കും.
Content Highlights: CBuD Application, Launched, PM Narendra Modi
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..