സിബിഎസ്ഇ ആസ്ഥാനം ( ഫയൽ ചിത്രം) | ഫോട്ടോ: മാതൃഭൂമി
ന്യൂഡല്‍ഹി: ഈ അധ്യയന വര്‍ഷത്തേക്കുള്ള സി.ബി.എസ്.ഇ പാഠ്യപദ്ധതിയുമായി ബന്ധപ്പെട്ട് ഉയര്‍ന്ന വിവാദങ്ങള്‍ തുടരുന്നു. പത്താം ക്ലാസ് പാഠപുസ്തകത്തില്‍നിന്ന് ഉര്‍ദു കവി ഫായിസ് അഹമ്മദ് ഫൈസിയുടെ രണ്ടു കവിതകള്‍ ഒഴിവാക്കിയതിനെച്ചൊല്ലിയാണ് പുതിയ പ്രതിഷേധം.
സാമൂഹികശാസ്ത്രത്തിലെ 'മതം, വര്‍ഗീയത, രാഷ്ട്രീയം - വര്‍ഗീയത, മതേതരരാഷ്ട്രം' എന്ന പാഠഭാഗത്തില്‍ നിന്നാണ് കവിതകള്‍ ഒഴിവാക്കിയത്. ഫൈസിയുടെ ധാക്ക സന്ദര്‍ശനത്തെക്കുറിച്ചുള്ള കവിതയും ലാഹോര്‍ ജയിലില്‍നിന്ന് എഴുതിയ കവിതയുമാണ് നീക്കിയത്. ഉര്‍ദുവില്‍ നിന്ന് ഇംഗ്ലിഷിലേക്ക് വിവര്‍ത്തനം ചെയ്ത കവിതകള്‍ പത്തു വര്‍ഷത്തിലേറെയായി പാഠ്യപദ്ധതിയിലുള്ളതാണ്. ഇതിനു പുറമേ, രണ്ട് പോസ്റ്ററുകളും അജിത് നൈനാന് വരച്ച കാര്‍ട്ടൂണും ഒഴിവാക്കിയിട്ടുണ്ട്. സന്നദ്ധ സംഘടനയായ അന്‍ഹാദ് (ആക്ട് നൗ ഫോര്‍ ഹാര്‍മണി ആന്‍ഡ് ഡെമോക്രസി) പുറത്തിറക്കിയ പോസ്റ്ററാണ് നീക്കിയത്. ദേശീയ പാഠ്യപദ്ധതി ചട്ടക്കൂട് പരിഷ്കരിച്ചശേഷം കൊല്‍ക്കത്ത സര്‍വകലാശാല ചരിത്രവിഭാഗം മുന്‍ അധ്യാപകന് ഹരി വാസുദേവന്‍ അധ്യക്ഷനായ സമിതിയാണ് 2005ല്‍ പുസ്തകം വികസിപ്പിച്ചത്.
സി.ബി.എസ്.ഇ.യുടെ പുതുക്കിയ പാഠ്യപദ്ധതിയില്‍നിന്ന് ഇസ്ലാമിക ചരിത്രവുമായി ബന്ധപ്പെട്ട ഭാഗങ്ങള്‍ ഒഴിവാക്കിയത് നേരത്തേ വിവാദമായിരുന്നു. ഇതിനെതിരേ ഒരു വിഭാഗം അധ്യാപകരാണ് രംഗത്തെത്തിയത്. പതിനൊന്നാം ക്ലാസിലെ ഇസ്ലാമിക ചരിത്രം ഇതിവൃത്തമായ 'സെന്‍ട്രല്‍ ഇസ്ലാമിക് ലാന്‍ഡ്സ്' എന്ന പാഠഭാഗം മാറ്റി 'നോമാഡിക് എംപയേഴ്സ്' എന്ന ഭാഗം ഉള്‍പ്പെടുത്തി. പന്ത്രണ്ടാം ക്ലാസിലെ ചരിത്രപുസ്തകത്തില്‍ മുഗള്‍ ഭരണകാലത്തെക്കുറിച്ചുള്ള 'കിങ്സ് ആന്‍ഡ് ക്രോണിക്കിള്‍സ്' എന്ന പാഠത്തിന് പകരം 'പെസന്റ്സ്, സമീന്ദാര്സ് ആന്‍ഡ് സ്റ്റേറ്റ്' എന്ന ഭാഗവും ചേര്‍ത്തു. ആരോപണങ്ങളോടും വിവാദങ്ങളോടും സി.ബി.എസ്.ഇ. ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
Content Highlights: CBSE Urudu poems
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..