ന്യൂഡല്‍ഹി: ഐഎസ്ആര്‍ഒ ചാരക്കേസിലെ ഗൂഢാലോചനയില്‍ സിബിഐ കേസ് രജിസ്റ്റര്‍ ചെയ്തു. സുപ്രീംകോടതി നിര്‍ദേശത്തെ തുടര്‍ന്നാണ് കേസ് സിബഐ അന്വേഷിക്കുന്നത്. സിബഐ ഡല്‍ഹി ബ്യൂറോയാകും കേസ് അന്വേഷിക്കുക എന്നാണ് പ്രാഥമിക വിവരം.

ജസ്റ്റിസ് ജയിന്‍ സമിതി റിപ്പോര്‍ട്ടിലെ ശുപാര്‍ശ അംഗീകരിച്ചായരുന്നു സുപ്രീംകോടതി സിബിഐ അന്വേഷത്തിന് ഉത്തരവിട്ടത്. തിരുവനന്തപുരം വഞ്ചിയൂര്‍ പോലീസ് സ്‌റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസുകളാണ് അന്വേഷിക്കുന്നത്.

ജയിന്‍ സമിതിറിപ്പോര്‍ട്ടില്‍ ഗൗരവമേറിയ കണ്ടെത്തലുകളുണ്ടെന്ന് കോടതി പറഞ്ഞിരുന്നു. കേരള പോലീസ് നമ്പി നാരായണനെ കുടുക്കാന്‍ ഗൂഢാലോചന നടത്തിയിട്ടുണ്ടോ എന്നാണ് സിബിഐ അന്വേഷിക്കുക. മൂന്ന് മാസത്തിനകം അന്വേഷണം പൂര്‍ത്തിയാക്കി സിബിഐ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും കോടതി ഉത്തരവിട്ടിരുന്നു. 

ജയിന്‍ സമിതിയുടേത് പ്രാഥമിക റിപ്പോര്‍ട്ടാണെന്നും ഇത് അടിസ്ഥാനമാക്കി തുടരന്വേഷണം നടത്താമെന്നുമാണ് കോടതി അറിയിച്ചത്. അതേസമയം ജയിന്‍ സമിതി റിപ്പോര്‍ട്ട് പുറത്തുവിടരുതെന്നും സിബിഐ അന്വേഷണത്തിന് മാത്രമേ ഉപയോഗിക്കാവു എന്നും കോടതി നിര്‍ദേശം നല്‍കിട്ടുണ്ട്. റിപ്പോര്‍ട്ട് നമ്പി നാരായണനും കൈമാറില്ല.