മനീഷ് സിസോദിയ | Photo: PTI
ന്യൂഡല്‍ഹി: ജയിലിലായ മുന്‍ ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയ്‌ക്കെതിരെ പുതിയ കേസ് രജിസ്റ്റര്‍ ചെയ്ത് സി.ബി.ഐ. ഡല്‍ഹി സര്‍ക്കാരിന്റെ ഫീഡ്ബാക്ക് യൂണിറ്റില്‍ അഴിമതി ആരോപിച്ചാണ് പുതിയ കേസ്. സിസോദിയ്‌ക്കെതിരെ അഴിമതി നിരോധന നിയമപ്രകാരം നടപടിയെടുക്കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം സി.ബി.ഐയ്ക്ക് അനുമതി നല്‍കിയതിനു പിന്നാലെയാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.
2015-ലാണ് ആം ആദ്മി സര്‍ക്കാര്‍ അഴിമതി തടയല്‍ ലക്ഷ്യമിട്ട് ഫീഡ്ബാക്ക് യൂണിറ്റ് ആരംഭിക്കുന്നത്. ഫീഡ്ബാക്ക് യൂണിറ്റിന്റെ മറവില്‍ വിവരങ്ങള്‍ ചോര്‍ത്തിയതിനാണ് സിസോദിയയ്‌ക്കെതിരെ നടപടി. രാഷ്ട്രീയ നേട്ടത്തിനായി രഹസ്യ വിവരങ്ങള്‍ ചോര്‍ത്തിയെന്ന് സി.ബി.ഐ. പ്രാഥമികാന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. ഫീഡ്ബാക്ക് യൂണിറ്റുകളിലേക്കുള്ള നിയമനങ്ങള്‍ക്ക് ലെഫ്റ്റനന്റ് ഗവര്‍ണറുടെ അനുമതിയില്ലായിരുന്നുവെന്നും ആം ആദ്മി പാര്‍ട്ടിക്ക് രാഷ്ട്രീയ നേട്ടത്തിനുള്ള വിവരങ്ങള്‍ ചോര്‍ത്തുന്ന രഹസ്യാന്വേഷണ വിഭാഗമായാണ് ഫീഡ്ബാക്ക് യൂണിറ്റ് പ്രവര്‍ത്തിച്ചതെന്നും സി.ബി.ഐ. അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു.
ഗൂഢാലോചന, വിശ്വാസവഞ്ചന, വ്യാജരേഖ ചമയ്ക്കല്‍, കൃത്രിമം കാണിക്കല്‍ എന്നീ കുറ്റങ്ങള്‍ ചുമത്തി സിസോദിയ ഉള്‍പ്പടെ ആറു പേര്‍ക്കെതിരെയാണ് കേസ്.
അതേസമയം സിസോദിയ്‌ക്കെതിരെ വ്യാജ കേസുകള്‍ കെട്ടിച്ചമയ്ക്കുകയാണ് പ്രധാനമന്ത്രിയുടെ ഉദ്ദേശമെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാള്‍ ആരോപിച്ചു. സിസോദിയയ്‌ക്കെതിരെ വ്യജ കേസുകള്‍ ചുമത്തി അദ്ദേഹത്തെ ദീര്‍ഘകാലത്തേക്ക് കസ്റ്റഡിയിലാക്കുകയാണ് പ്രധാനമന്ത്രിയുടെ ലക്ഷ്യമെന്നും ഇത് രാജ്യത്തിന് സങ്കടകരമാണെന്നും കേജ്‌രിവാള്‍ ട്വിറ്ററില്‍ കുറിച്ചു.
മദ്യനയക്കേസില്‍ ഫെബ്രുവരി 26-നാണ് സിസോദിയ അറസ്റ്റിലാകുന്നത്. മദ്യവില്‍പ്പന പൂര്‍ണമായി സ്വകാര്യവത്കരിക്കുന്ന ഡല്‍ഹി എക്‌സൈസ് നയവുമായി ബന്ധപ്പെട്ടായിരുന്നു അറസ്റ്റ്.
Content Highlights: manish sisodia, feedback unit, delhi government, cbi, registered case
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..