
ന്യൂഡൽഹിയിലെ സി.ബി.ഐ. ഹെഡ്ക്വാട്ടേഴ്സ് | Photo:PTI
മുംബൈ: ബി.ജെ.പി. ഭരണത്തില്‍ സി.ബി.ഐ. ഒരു മുറുക്കാന്‍ കട (പാന്‍ ഷോപ്പ്) യായി അധഃപതിച്ചെന്ന് മഹാരാഷ്ട്ര ടെക്സൈറ്റല്‍ വകുപ്പ് മന്ത്രി അസ്ലം ഷെയ്ഖ്. സംസ്ഥാന സര്‍ക്കാരുകളുടെ സമ്മതമില്ലാതെ സി.ബി.ഐ.ക്ക് അവയുടെ അധികാരപരിധിയില്‍ അന്വേഷണം നടത്താനാവില്ലെന്ന സുപ്രീംകോടതിയുടെ വിധിയെ ശ്ലാഘിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
'ബി.ജെ.പി.യുടെ കീഴില്‍ സി.ബി.ഐ. ഒരു പാന്‍ കടയായി മാറിയിരിക്കുകയാണ്. അത് എവിടേയും പോകുന്നു, ആര്‍ക്കെതിരേയും കേസെടുക്കുന്നു, പ്രത്യേകിച്ച് ബി.ജെ.പി. ഭരിക്കാത്ത സംസ്ഥാനങ്ങളില്‍.' മുതിര്‍ന്ന കേണ്‍ഗ്രസ് നേതാവായ ഷെയ്ഖ് പറഞ്ഞു.
ഉത്തര്‍പ്രദേശിലെ അഴിമതിയുമായി ബന്ധപ്പെട്ട കേസിലാണ് ജസ്റ്റിസ് എ.എം. ഖാന്‍വില്‍കര്‍ അധ്യക്ഷനായ ബെഞ്ച് സംസ്ഥാന സര്‍ക്കാരുകളുടെ സമ്മതമില്ലാതെ സി.ബി.ഐ.ക്ക് അവയുടെ അധികാരപരിധിയില്‍ അന്വേഷണം നടത്താനാവില്ലെന്ന് വിധിച്ചത്. സി.ബി.ഐ.യെ നിയന്ത്രിക്കുന്ന ഡല്‍ഹി സ്പെഷ്യല്‍ പോലീസ് എസ്റ്റാബ്ലിഷ്മെന്റ് നിയമത്തിലെ വ്യവസ്ഥകള്‍ ചൂണ്ടിക്കാട്ടിയാണ് സുപ്രീംകോടതി വിധി പറഞ്ഞത്. 'നിയമപ്രകാരം സി.ബി. ഐ.യുടെ അധികാരപരിധി സംസ്ഥാനങ്ങളുടെ സമ്മതമില്ലാതെ കേന്ദ്രത്തിന് വ്യാപിപ്പിക്കാനാവില്ല. ഭരണഘടനയിലെ ഫെഡറല്‍ ഘടനയ്ക്ക് അനുസൃതമായാണ് ഈ നിയമം'- ബെഞ്ച് ചൂണ്ടിക്കാട്ടി.
കേരളമുള്‍പ്പെടെ പ്രതിപക്ഷം ഭരിക്കുന്ന എട്ടുസംസ്ഥാനങ്ങള് സി.ബി.ഐ. അന്വേഷണത്തിനുള്ള പൊതുസമ്മതം പിന്‍വലിച്ച പശ്ചാത്തലത്തില്‍ വിധിക്ക് പ്രസക്തിയുണ്ട്.കേരളത്തിനുപുറമേ രാജസ്ഥാന്, പശ്ചിമബംഗാള്‍, ജാര്‍ഖണ്ഡ്, മഹാരാഷ്ട്ര, ഛത്തീസ്ഗഢ്, പഞ്ചാബ്, മിസോറം സംസ്ഥാനങ്ങളാണ് സി.ബി.ഐ. അന്വേഷണത്തിനുള്ള പൊതുസമ്മതം പിന്‍വലിച്ചത്.
ഫെര്ട്ടികോ മാര്‍ക്കറ്റിങ് ആന്‍ഡ് ഇന്‍വെസ്റ്റ്മെന്റ് കമ്പനിയുമായി ബന്ധപ്പെട്ട കേസിലെ അലഹാബാദ് ഹൈക്കോടതി വിധിക്കെതിരേയാണ് സുപ്രീംകോടതിയില്‍ അപ്പീല്വന്നത്.
Content Highlights:CBI reduced to 'paan shop' under BJP rule: Maha Minister
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..