ശ്രീനഗര്‍: നിയമവിരുദ്ധമായി തോക്കുകള്‍ക്കു ലൈസന്‍സ് അനുവദിച്ചതിലെ അഴിമതി അന്വേഷണത്തിന്റെ ഭാഗമായി സിബിഐ റെയ്ഡ്. ജമ്മു കശ്മീരിലും ഡല്‍ഹിയിലുമായി ഐഎഎസ് ഉദ്യോഗസ്ഥന്റെ വീട്ടിലടക്കം 40 സ്ഥലങ്ങളിലാണ് റെയ്ഡ് നടക്കുന്നത്.

ജമ്മുവിലെ യുവജനമിഷന്റെ സിഇഒയും ഗോത്രവര്‍ഗ ക്ഷേമകാര്യ സെക്രട്ടറിയുമായ ഷാഹിദ് ഇക്ബാല്‍ ചൗധരിയുടെ വീട്ടിലാണ് റെയ്ഡ് നടന്നത്. മുന്‍പ് കത്വയില്‍ ഡെപ്യൂട്ടി കമ്മീഷണറായിരുന്നപ്പോള്‍ വ്യാജമായ പേരുകളില്‍ ആളുകള്‍ക്ക് തോക്കുകള്‍ക്ക് ലൈസന്‍സ് അനുവദിച്ചുകൊടുത്തുവെന്ന ആരോപണത്തെ തുടര്‍ന്നാണ് റെയ്ഡ്.

ജമ്മുകശ്മീരില്‍ മാത്രം 2012 ന് ശേഷം രണ്ട് ലക്ഷത്തില്‍പ്പരം ലൈസന്‍സുകളാണ് നിയമവിരുദ്ധമായി അനുവദിച്ചതെന്നാണ് റിപ്പോര്‍ട്ട്. തോക്കുകളുടെ ലൈസന്‍സുമായി ബന്ധപ്പെട്ടുള്ള ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ തട്ടിപ്പാണിത്. 

ഐഎഎസ് ഉദ്യോഗസ്ഥനായ രാജീവ് രഞ്ജന്‍ അടക്കം കഴിഞ്ഞ വര്‍ഷം അറസ്റ്റിലായ രണ്ട് ഉന്നത ഉദ്യോഗസ്ഥര്‍ ഇത്തരത്തില്‍ വ്യാപകമായി ലൈസന്‍സ് അനുവദിച്ചുവെന്നാണ് കണ്ടെത്തിയിട്ടുള്ളത്

2017ല്‍ രാജസ്ഥാനിലെ തീവ്രവാദ വിരുദ്ധ സ്‌ക്വാഡാണ് തോക്കുകള്‍ക്ക് ലൈസന്‍സ് നല്‍കുന്നതിലെ അഴിമതി ആദ്യം കണ്ടെത്തിയത്.

Content Highlights: CBI Raids 22 Locations, Senior IAS Officer's Home In J&K Gun License Scam