ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി ഇ. പളനിസ്വാമിക്കെതിരായ അഴിമതി ആരോപണത്തില്‍ സി.ബി.ഐ അന്വേഷണത്തിന് മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടു. റോഡ് കരാറുകള്‍ നല്‍കിയതുമായി ബന്ധപ്പെട്ട വിഷയത്തിലാണ് പളനിസ്വാമിക്കെതിരെ അഴിമതി ആരോപണം ഉയര്‍ന്നിരുന്നത്.

പ്രതിപക്ഷ പാര്‍ട്ടിയായ ഡി.എം.കെ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ജസ്റ്റിസ് എ.ഡി ജഗദീഷ് ചന്ദിരയുടെ ഉത്തരവ് വന്നിരിക്കുന്നത്. വിഷയത്തില്‍ വിജിലന്‍സ് സമര്‍പ്പ റിപ്പോര്‍ട്ട് പരിശോധിച്ച ശേഷമാണ് കോടതി വിധി. വിഷയത്തില്‍ വിജിലന്‍സ് നടത്തിയ അന്വേഷണവും കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടും തൃപ്തികരമല്ല എന്ന് കോടതി വ്യക്തമാക്കി

കേസുമായി ബന്ധപ്പെട്ട മുഴുവന്‍ രേഖകളും സി.ബി.ഐക്ക് കൈമാറാനും കോടതി വിജിലന്‍സിന് നിര്‍ദേശം നല്‍കി. പ്രാഥമിക അന്വേഷണം മൂന്ന് മാസത്തിനുള്ളില്‍ പൂര്‍ത്തീകരിക്കണം. സംസ്ഥാനത്ത് റോഡുകള്‍ നിര്‍മ്മിക്കാനുള്ള 3500 കോടിയുടെ കരാറുകള്‍ മുഖ്യമന്ത്രി തന്റെ അധികാരം ദുരുപയോഗം ചെയ്ത് തന്റെ ബന്ധുക്കള്‍ക്കും ബിനാമികള്‍ക്കും നല്‍കിയെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം.

വിജിലന്‍സ് മുഖ്യമന്ത്രിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഏജന്‍സി ആയതിനാല്‍ കേസില്‍ സ്വതന്ത്ര്യ ഏജന്‍സിയെ കൊണ്ട് അന്വേഷണം നടത്തിക്കണമെന്നായിരുന്നു ഹര്‍ജിക്കാരന്റെ ആവശ്യം.

content highlights: CBI Probe Ordered Into Alleged Corruption By Tamil Nadu's CM E Palaniswami