ന്യൂഡല്‍ഹി: സംസ്ഥാനത്തിനുള്ളില്‍ സിബിഐ അന്വേഷണത്തിന് അനുമതി നിഷേധിച്ച് ഛത്തീസ്ഗസ് സര്‍ക്കാരും രംഗത്ത്. ഈ തീരുമാനമറിയിച്ച് സംസ്ഥാന മുഖ്യമന്ത്രി ഭൂപേഷ് ബാഘേല്‍ കേന്ദ്രസര്‍ക്കാരിന് വ്യാഴാഴ്ച കത്തയച്ചു. ആന്ധ്രാപ്രദേശിനും പശ്ചിമബംഗാളിനും പിന്നാലെയാണ് ഛത്തീസ്ഗഡിന്റേയും നിര്‍ണായക തീരുമാനം. 

2001 ലാണ് ഛത്തീസ്ഗഡ് സര്‍ക്കാര്‍ സിബിഐക്ക് അന്വേഷണാധികാരം നല്‍കി ഉത്തരവിറക്കിയത്. ഈ ഉത്തരവ് പ്രകാരം സംസ്ഥാനത്തിനകത്ത് അന്വേഷണത്തിനും റെയ്ഡിനുമുള്ള പ്രത്യേക അനുമതി തേടേണ്ട ആവശ്യം സിബിഐക്കുണ്ടായിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ ഇത് പിന്‍വലിച്ചതോടെ സിബിഐയ്ക്ക് സര്‍ക്കാരിന്റെ പ്രത്യേക അനുമതി ആവശ്യമായി വരും. 

കഴിഞ്ഞ കുറേ മാസങ്ങളായി കേന്ദ്രസര്‍ക്കാര്‍ സ്വാര്‍ഥതാല്‍പര്യങ്ങള്‍ക്കായി സിബിഐയെ ആയുധമാക്കിയിരിക്കുകയാണെന്നും അതു കൊണ്ടാണ് സംസ്ഥാനത്തിനുള്ളില്‍ സിബിഐയുടെ അന്വേഷണ പ്രവര്‍ത്തനങ്ങള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തേണ്ട ഘട്ടമുണ്ടായിരിക്കുന്നതെന്നും ബാഘേല്‍ പറഞ്ഞു. സിബിഐയുടെ അനാവശ്യ ഇടപെടലുകള്‍ സംസ്ഥാനത്തെ സര്‍ക്കാരുദ്യോഗസ്ഥരുടെ പ്രവര്‍ത്തനങ്ങളെ സാരമായി ബാധിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.  

ഡല്‍ഹി സ്‌പെഷ്യല്‍ പോലീസ് എസ്റ്റാബ്ലിഷ്‌മെന്റ് ആക്ടിന് കീഴിലാണ് സിബിഐ വരുന്നത്. എന്നാല്‍ സിബിഐക്ക് ഏതെങ്കിലും സംസ്ഥാനത്ത് അന്വേഷണം നടത്താന്‍ സര്‍ക്കാരിന്റെ അനുമതി ആവശ്യമാണ്. 

Content Highlights: CBI not to investigate any case in Chhattisgarh, decides Congress govt, Andra Pradesh, West Bengal