ന്യൂഡല്‍ഹി: ആരുഷി തല്‍വാര്‍ കൊലപാതകത്തില്‍ തല്‍വാര്‍ ദമ്പതികളെ കുറ്റവിമുക്തരാക്കിയ അലഹബാദ് ഹൈക്കോടതി വിധി ചോദ്യം ചെയ്ത് സിബിഐ സുപ്രീംകോടതിയെ സമീപിച്ചു. രാജേഷ് തല്‍വാറിനെയും നൂപുര്‍ തല്‍വാറിനെയും വെറുതെവിട്ടതിന് കാരണമായി നിരത്തുന്ന തെളിവുകള്‍ അശാസ്ത്രീയമാണെന്ന് സിബിഐ കോടതിയില്‍ വാദിച്ചു.

ആരുഷിയെ കൊലപ്പെടുത്തിയത് മാതാപിതാക്കളാണെന്ന് തെളിയിക്കുന്നതില്‍ പ്രോസിക്യൂഷന്‍ പരാജയപ്പെട്ടതിനെത്തുടര്‍ന്നാണ് ഇരുവരെയും കുറ്റവിമുക്തരാക്കിക്കൊണ്ട് കഴിഞ്ഞ ഒക്ടോബറില്‍ അലഹബാദ് ഹൈക്കോടതി വിധി പുറപ്പെടുവിച്ചത്. തല്‍വാര്‍ ദമ്പതികള്‍ക്കെതിരായ ആരോപണം സംശയാതീതമായി തെളിയിക്കുന്നതില്‍ സിബിഐ പരാജയപ്പെട്ടെന്നായിരുന്നു ജസ്റ്റിസ് ബി.കെ.നാരായണ, ജസ്റ്റിസ് എ.കെ.മിശ്ര എന്നിവരുള്‍പ്പെട്ട ബെഞ്ച് പ്രസ്താവിച്ചത്.

2008 മെയ് 16നാണ് ആരുഷിയെന്ന പതിനഞ്ചുകാരിയെ വീടിനുള്ളില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. രണ്ടു ദിവസത്തിനു ശേഷം വീടിന്റെ ടെറസ്സില്‍ നിന്ന് വീട്ടുജോലിക്കാരന്‍ ഹേംരാജിന്റെ മൃതദേഹവും കണ്ടെത്തി. ഇരുവരുടയെും കൊലപാതകത്തില്‍ തല്‍വാര്‍ ദമ്പതികള്‍ക്ക് പങ്കുണ്ടെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്ന് 2013ലാണ് സിബിഐ പ്രത്യേക കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചത്. ഇതിനെതിരെ ദമ്പതികള്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. 

content highlights:CBI Moves Supreme Court Challenging Clean Chit To Aarushi Talwar's Parents