ലഖ്‌നൗ: വിരമിക്കല്‍ ദിനത്തില്‍ ബാബറി മസ്ജിദ് പൊളിച്ച കേസിലെ സുപ്രധാന വിധി പറഞ്ഞ് സി.ബി.ഐ പ്രത്യേക കോടതി ജഡ്ജി സുരേന്ദര്‍ കുമാര്‍ യാദവ്. ഈ കേസിന്റെ വിചാരണ പൂര്‍ത്തിയാക്കി വിധിപറയുന്നതിനായി മൂന്നുതവണയാണ് സുരേന്ദര്‍ കുമാര്‍ യാദവിന് കാലാവധി നീട്ടിനല്‍കിയത്.

ബാബറി മസ്ജിദ് പൊളിച്ച കേസില്‍ എല്‍.കെ അദ്വാനിയും മുരളി മനോഹര്‍ ജോഷിയും ഉള്‍പ്പെടെ 32 പ്രതികളെയും തെളിവുകളുടെ അഭാവത്തിലാണ് കോടതി വെറുതെവിട്ടത്‌. 

മസ്ജിദ് തകര്‍ത്തത് മുന്‍കൂട്ടി ആസൂത്രണം നടത്തിയാണ് എന്ന് തെളിയിക്കുന്നതിന് പ്രതികള്‍ക്കെതിരെ ശക്തമായ തെളിവില്ലെന്ന് വിധി പ്രസ്താവിച്ചുകൊണ്ട് കോടതി അഭിപ്രായപ്പെട്ടു. പള്ളി തകര്‍ത്തത് പെട്ടെന്നുണ്ടായ വികാരത്തിന്റെ അടിസ്ഥാനത്തിലാണ്. അല്ലാതെ ആസൂത്രിതമല്ലെന്നാണ് കോടതിയുടെ കണ്ടെത്തല്‍. ബി.ജെ.പി.യുടെ മുതിര്‍ന്ന നേതാവായ എല്‍.കെ. അദ്വാനിയുള്‍പ്പെടെ 48 പ്രതികളില്‍ ജീവിച്ചിരിക്കുന്ന 32 പേരോടും ബുധനാഴ്ച നേരിട്ടു ഹാജരാവാന്‍ കോടതി ആവശ്യപ്പെട്ടിരുന്നു. 

കഴിഞ്ഞ കുറച്ചുമാസങ്ങളായി തെളിവുകള്‍ അവലോകനം ചെയ്യലും വിധി എഴുത്തുമായി തിരക്കിലായിരുന്ന സുരേന്ദര്‍ സന്ദര്‍ശകരെ പോലും കാണാന്‍ അനുവാദം നല്‍കിയിരുന്നില്ല. 2000 പേജുള്ള വിധിന്യായമാണ് സുപ്രധാന കേസില്‍ ജഡ്ജി സുരേന്ദര്‍ കുമാര്‍ യാദവ് പുറപ്പെടുവിച്ചത്‌

Content Highlights: CBI Judge Surendra Kumar Yadav's Retirement and the Babri Masjid demolition verdict