ന്യൂഡല്‍ഹി: എസ് എന്‍ സി ലാവലിന്‍ കേസുമായി ബന്ധപ്പെട്ട സമഗ്രമായ കുറിപ്പ് സി ബി ഐ സുപ്രീം കോടതിക്ക് കൈമാറി. ഇന്നലെയാണ് കുറിപ്പ് സി ബി ഐ അഭിഭാഷകന്‍ അരവിന്ദ് കുമാര്‍ ശര്‍മ്മ കോടതിക്ക് കൈമാറിയത്. അതേസമയം, കുറിപ്പിന്റെ പകര്‍പ്പ് കേസിലെ എതിര്‍കക്ഷികള്‍ക്ക് നല്‍കിയിട്ടില്ല. കുറിപ്പിന് അനുബന്ധമായ രേഖകള്‍ സമര്‍പ്പിക്കാന്‍ രണ്ട് ആഴ്ചത്തെ സമയം സി ബി ഐ സുപ്രീം കോടതിയോട് തേടി.

പള്ളിവാസല്‍, ചെങ്കുളം, പന്നിയാര്‍ ജലവൈദ്യുത പദ്ധതികളുടെ നവീകരണം എസ് എന്‍ സി ലാവലിന്‍ കമ്പനിക്ക് ടെണ്ടര്‍ വിളിക്കാതെ 243.74 കോടി രൂപയ്ക്ക് കൈമാറിയതില്‍ അഴിമതി ഉണ്ടെന്നാണ് സി ബി ഐ സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച പ്രത്യേക അനുമതി ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നത്. 98.3 കോടി രൂപയ്ക്ക് തലശേരിയില്‍  മലബാര്‍ കാന്‍സര്‍ സെന്റര്‍ നിര്‍മ്മിക്കും എന്ന് ചൂണ്ടിക്കാട്ടി ആണ് ടെന്‍ഡര്‍ വിളിക്കാതെ കരാര്‍ കൈമാറിയത്.  സിഐഡിഎ വഴി സഹായം എത്തിക്കും എന്നു പറഞ്ഞിരുന്നെങ്കിലും ആകെ 12 കോടി മാത്രമേ സഹായമായി എത്തിക്കാന്‍ കഴിഞ്ഞുള്ളു. 86.25 കോടി രൂപയുടെ നഷ്ടം ഖജനാവിന് ഉണ്ടായതായും സി ബി ഐ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

പ്രതിപ്പട്ടികയില്‍നിന്ന് ഹൈക്കോടതി ഒഴിവാക്കിയ പിണറായി വിജയന്‍, കെ മോഹനചന്ദ്രന്‍, എ ഫ്രാന്‍സിസ് എന്നിവരാണ് എസ് എന്‍ സി ലാവലിന്‍ കരാറുമായി ബന്ധപ്പെട്ട നിര്‍ണ്ണായക തീരുമാനം എടുത്തതെന്നായിരുന്നു ഹര്‍ജിയില്‍ സി ബി ഐ ചൂണ്ടിക്കാട്ടിയിരുന്നത്. ഇവര്‍ ഗൂഢാലോചന നടത്തിയതിന് തെളിവ് ഉണ്ട്. എല്ലാ പ്രതികള്‍ക്കും ഗൂഢാലോചനയില്‍ പങ്കുണ്ട്.  ഗൂഢാലോചന സംബന്ധിച്ച തെളിവുകള്‍ വിചാരണ സമയത്ത് മാത്രമേ കോടതിയില്‍ ഹാജരാക്കേണ്ടതുള്ളു. വിടുതല്‍ഹര്‍ജി കേള്‍ക്കുമ്പോള്‍ എല്ലാ തെളിവുകളും വിചാരണക്കോടതി പരിഗണിക്കരുതെന്ന് 2014 ല്‍ സുപ്രീം കോടതിതന്നെ വ്യക്തമാക്കിയിട്ടുണ്ട്. ഈ വാദങ്ങള്‍ സുപ്രീം കോടതിക്ക് കഴിഞ്ഞ ദിവസം കൈമാറിയ സമഗ്രമായ കുറിപ്പില്‍ സി ബി ഐ അവര്‍ത്തിച്ചിട്ടുണ്ടെന്നാണ് സൂചന. 

ശക്തമായ വസ്തുതകള്‍ ഹാജരാക്കിയാല്‍ മാത്രമേ പിണറായി വിജയന്‍ ഉള്‍പ്പടെയുള്ള മൂന്നുപേരെ പ്രതിപട്ടികയില്‍ നിന്ന് ഒഴിവാക്കിയ ഹൈക്കോടതി വിധിയില്‍ ഇടപെടുകയുള്ളു എന്ന് ജസ്റ്റിസ് യു യു ലളിത് അധ്യക്ഷനായ സുപ്രീം കോടതി ബെഞ്ച് വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് സമഗ്രമായ കുറിപ്പിനൊപ്പം അനുബന്ധ രേഖകള്‍ കൂടി ഹാജരാക്കാന്‍ തീരുമാനിച്ചതെന്ന് കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങള്‍ പറഞ്ഞു. സി ബി ഐ യുടെ ആവശ്യം അംഗീകരിച്ചാല്‍ ദീപാവലി അവധിക്ക് ശേഷമേ ലാവലിന്‍ ഹര്‍ജികളില്‍ വിശദമായ വാദം കേള്‍ക്കല്‍ നടക്കാനിടയുള്ളൂ.

Content Highlights: CBI, Lavalin case, Supreme Court