ഹാഥ്‌റസ് (യുപി): കോളിളക്കം സൃഷ്ടിച്ച ഹാഥ്‌റസ് കേസ് അന്വേഷിക്കുന്ന സിബിഐ സംഘം പ്രതികളില്‍ ഒരാളുടെ വീട്ടില്‍നിന്ന് രക്തക്കറയെന്ന് സംശയിക്കുന്ന പാടുകളുള്ള വസ്ത്രം കണ്ടെത്തി. പ്രതിയുടെ വീട്ടില്‍ നടത്തിയ തിരച്ചിലിനിടെയാണിത്. രക്തക്കറയാണോ അതെന്ന് ഉറപ്പാക്കാന്‍ വസ്ത്രം വിദഗ്ധ പരിശോധനയ്ക്ക് അയയ്ക്കുമെന്ന് ഐഎഎന്‍എസ് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടുചെയ്തു. 

എന്നാല്‍, രക്തക്കറയുള്ള വസ്ത്രം വീട്ടില്‍നിന്ന് കണ്ടെടുത്തിട്ടില്ലെന്ന അവകാശവാദവുമായി പ്രതിയുടെ ബന്ധുക്കള്‍ രംഗത്തെത്തി. പ്രതിയുടെ സഹോദരന്‍ പെയിന്റിങ് ജോലി ചെയ്യുന്നയാളാണെന്നും ചുവന്ന പെയിന്റ് പുരണ്ട വസ്ത്രമാണ് സിബിഐ സംഘം കണ്ടെടുത്തതെന്നും ബന്ധുക്കള്‍ അവകാശപ്പെട്ടു. പ്രതിയുടെ വീട്ടില്‍ സിബിഐ സംഘം രണ്ട് മണിക്കൂറോളമാണ് പരിശോധന നടത്തിയത്.

ഹാഥ്‌റസില്‍ 19 വയസുള്ള പെണ്‍കുട്ടിയെ സെപ്റ്റംബര്‍ 14 നാണ് നാലുപേര്‍ ചേര്‍ന്ന് കൂട്ടബലാത്സംഗത്തിനും ക്രൂര പീഡനത്തിനും ഇരയാക്കിയത്. ഗുരുതരാവസ്ഥയില്‍ ഹല്‍ഹി സഫ്ദര്‍ജങ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവെ പെണ്‍കുട്ടി പിന്നീട് മരിച്ചു.

കേസ് അന്വേഷിക്കുന്ന സിബിഐ സംഘം കഴിഞ്ഞ നാല് ദിവസമായി പെണ്‍കുട്ടിയുടെ ഗ്രാമത്തിലുണ്ട്. പെണ്‍കുട്ടിയുടെ പിതാവില്‍നിന്നും സഹോദരന്മാരില്‍നിന്നും സംഘം വിവരങ്ങള്‍ ആരാഞ്ഞിരുന്നു. പെണ്‍കുട്ടിയുടെ അമ്മയേയും സഹോദരനെയും അമ്മായിയേയും സംഘം കുറ്റകൃത്യം നടന്ന സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു. കേസിലെ നാല് പ്രതികളുടെയും വീടുകളിലെത്തിയ സിബിഐ സംഘം അവരുടെ ബന്ധുക്കളെ വിശദമായി ചോദ്യംചെയ്തിരുന്നു. അതിനിടെ കേസിലെ അന്വേഷണം പൂര്‍ത്തിയായതായി യു.പി സര്‍ക്കാര്‍ നിയോഗിച്ച പ്രത്യേക അന്വേഷണ സംഘം അവകാശപ്പെട്ടു. മൂന്നംഗ സംഘം സെപ്റ്റംബര്‍ 30-നാണ് അന്വേഷണം തുടങ്ങിയത്.

Content Highlights: CBI finds 'blood stained shirt' at Hathras accused house