ലോക്‌നാഥ് ബെഹ്‌റ| File Photo: Mathrubhumi
ന്യൂഡല്‍ഹി: സി.ബി.ഐ. ഡയറക്ടര്‍ സ്ഥാനത്തേക്ക് പരിഗണിച്ചിരുന്ന കേരള പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റയ്ക്ക് തിരിച്ചടിയായത് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എന്‍.വി രമണയുടെ നിലപാട്. വിരമിക്കാന്‍ ആറ് മാസത്തിലധികം ഉള്ളവരെ മാത്രമേ സി.ബി.ഐ. ഡയറക്ടറായി നിയമിക്കാവൂ എന്ന സുപ്രീം കോടതി വിധി നടപ്പിലാക്കണമെന്ന നിലപാട് ചീഫ് ജസ്റ്റിസ് രമണ ഉന്നതതല സമിതി യോഗത്തില്‍ സ്വീകരിച്ചതാണ് ബെഹ്‌റ ഉള്‍പ്പടെ സാധ്യത കല്‍പ്പിക്കപ്പെട്ടിരുന്ന പല ഉദ്യോഗസ്ഥര്‍ക്കും വിനയായത്. ഉന്നതതല സമിതി തയ്യാറാക്കിയ മൂന്നംഗ പട്ടികയില്‍നിന്ന് പുതിയ സി.ബി.ഐ. ഡയറക്ടറെ കേന്ദ്ര സര്‍ക്കാറിന്റെ നിയമന സമിതി ഉടന്‍ തെരഞ്ഞെടുക്കും.
സര്‍വീസ് കാലാവധി ആറുമാസത്തിലധികം ഉള്ളവരെ മാത്രമേ സി.ബി.ഐ. ഡയറക്ടര്‍ സ്ഥാനത്തേക്ക് നിയമിക്കാവു എന്ന സുപ്രീം കോടതി വിധി ഇതാദ്യമായാണ് കര്‍ശനമായി നടപ്പിലാക്കണമെന്ന് പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തില്‍ ഒരു ചീഫ് ജസ്റ്റിസ് ആവശ്യപ്പെടുന്നത്. നടപടിക്രമങ്ങള്‍ പാലിച്ചേ നിയമനം പാടുള്ളൂവെന്ന നിലപാട് ചീഫ് ജസ്റ്റിസ് സ്വീകരിച്ചതോടെയാണ് സി.ബി.ഐ. ഡയറക്ടര്‍ സ്ഥാനത്തേക്ക് കേന്ദ്ര സര്‍ക്കാര്‍ പരിഗണിച്ചിരുന്ന രാകേഷ് അസ്താന, വൈ.സി. മോദി എന്നിവര്‍ ചുരുക്കപ്പട്ടികയില്‍നിന്ന് ഒഴിവായത്.
ബി.എസ്.എഫ്. മേധാവി രാകേഷ് അസ്താന ഓഗസ്റ്റ് 31-നാണ് വിരമിക്കുന്നത്. എന്‍.ഐ.എ. മേധാവി വൈ.സി. മോദി മെയ് 31-നും വിരമിക്കും. 1985 ഐ. പി.എസ്. ബാച്ചിലെ സീനിയോറിറ്റിയില്‍ മുന്‍പന്തിയില്‍ ആയിരുന്നെങ്കിലും കേരള ഡി.ജി.പി. ലോക്‌നാഥ് ബെഹ്‌റയും ഒഴിവാക്കപ്പെട്ടത് ചീഫ് ജസ്റ്റിസ് എന്‍.വി. രമണ മുന്നോട്ട് വച്ച നിലപാട് കാരണമാണ്. ജൂണ്‍ 30-ന് ആണ് ഡി.ജി.പി. ബെഹ്റ സര്‍വീസില്‍ നിന്ന് വിരമിക്കുന്നത്.
സി.ബി.ഐ. ഡയറക്ടറായി തെരഞ്ഞെടുക്കുന്നതിന് സുബോധ് കുമാര്‍ ജയ്സ്വാള്‍, കുമാര്‍ രാജേഷ് ചന്ദ്ര, വി.എസ്.കെ. കൗമുദി എന്നിവരടങ്ങുന്ന പട്ടികയാണ് പ്രധാനമന്ത്രിയുടെ അധ്യക്ഷയിലുള്ള സമിതി തയ്യാറാക്കിയത്. ഈ മൂന്നുപേരെ കുറിച്ചും വിയോജനക്കുറിപ്പ് രേഖപെടുത്തിയില്ലെങ്കിലും, പട്ടിക തയ്യാറാക്കിയതിലുള്ള നടപടിക്രമത്തിലുള്ള വിയോജിപ്പ് ലോക്‌സഭയിലെ കോണ്‍ഗ്രസ് കക്ഷി നേതാവ് അധീര്‍ രഞ്ജന്‍ ചൗധരി രേഖപ്പെടുത്തി.
മഹാരാഷ്ട്ര മുന്‍ ഡി.ജി.പിയായ സുബോധ് കുമാര്‍ ജയ്സ്വാള്‍ നിലവില്‍ സി.ഐ.എസ്.എഫ്. ഡയറക്ടര്‍ ജനറലാണ്. സശസ്ത്ര സീമാബല്‍ ഡയറക്ടര്‍ ജനറലാണ് 1985 ബാച്ച് ബിഹാര്‍ കേഡര്‍ ഐ.പി.എസ്. ഉദ്യോഗസ്ഥനായ കുമാര്‍ രാജേഷ് ചന്ദ്ര. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിലെ സ്പെഷ്യല്‍ സെക്രട്ടറിയാണ് 1986 ബാച്ച് ആന്ധ്രാപ്രദേശ് കേഡര്‍ ഐ.പി.എസ് ഉദ്യോഗസ്ഥനായ വി.കെ.എസ്. കൗമുദി.
content highlights: cbi director appointment: chief justice nv ramana's stand turns setback for loknath behera
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..