റാഞ്ചി: കാലിത്തീറ്റ കുംഭകോണ കേസില്‍ ആര്‍ജെഡി നേതാവ് ലാലുപ്രസാദ് യാദവ് കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് വിവാദ പരാമര്‍ശം നടത്തിയതിന് ബിഹാര്‍ മുന്‍ ഉപമുഖ്യമന്ത്രിയും ലാലുവിന്റെ മകനുമായ തേജസ്വി യാദവിന് പ്രത്യേക സിബിഐ കോടതി നോട്ടീസ് നല്‍കി.

കാലിത്തീറ്റ കുംഭകോണത്തില്‍ ബിഹാര്‍ മുന്‍ മുഖ്യമന്ത്രി ജഗനാഥ് മിശ്രയും പ്രതിയായിരുന്നെന്നും എന്നാല്‍, അദ്ദേഹം ബ്രാഹ്മണ സമുദായത്തില്‍ പെട്ടയാളായതിനാല്‍ വെറുതെ വിട്ടെന്നും ലാലു പ്രസാദ് താഴ്ന്ന ജാതിയില്‍ പെട്ടയാളായതിനാലാണ് അദ്ദേഹത്തെ പ്രതിചേര്‍ത്തതെന്നുമായിരുന്നു തേജസ്വിയുടെ വിവാദ പ്രസ്താവന.

തേജസ്വിയെ കൂടാതെ മുതിര്‍ന്ന രാജ്യസഭാംഗവും മുന്‍മന്ത്രിയുമായിരുന്ന രഘുവാന്‍ഷ് പ്രസാദ് സിങ്, ആര്‍ജെഡി വക്താവ് മനോജ് ഝാ, കോണ്‍ഗ്രസ് നേതാവ് മനീഷ് തിവാരി എന്നിവര്‍ക്കും സിബിഐ നോട്ടീസ് നല്‍കി.

ശിവപാല്‍ സിങ് അധ്യക്ഷനായ പ്രത്യേക സിബിഐ കോടതിയുടെ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ് തേജസ്വി യാദവ് ഉള്‍പ്പെടെ നാലുപേര്‍ക്ക് നോട്ടീസ് നല്‍കിയതെന്ന് അഭിഭാഷകനായ അരവിന്ദ് സിങ് അറിയിച്ചു.