ഭോപ്പാല്‍: വ്യാപം (മധ്യപ്രദേശ് പ്രൊഫഷണല്‍ എക്സാമിനേഷന്‍ ബോര്‍ഡ്) പരീക്ഷാത്തട്ടിപ്പു കേസില്‍ മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന് സി ബി ഐ ക്ലീന്‍ ചിറ്റ് നല്‍കിയതിനെതിരെ രൂക്ഷവിമര്‍ശനവുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കമല്‍നാഥ്.

സി ബി ഐ ആര്‍ എസ് എസ് ശാഖയായി മാറിയെന്ന് അദ്ദേഹം പറഞ്ഞു. ഏതെങ്കിലും കോടതിയാണോ ശിവരാജ് സിങ് ചൗഹാന് ക്ലീന്‍ ചിറ്റ് നല്‍കിയത്? സി ബി ഐയാണ് ചൗഹാന് ക്ലീന്‍ ചിറ്റ് നല്‍കിയത്. സി ബി ഐ ആര്‍ എസ് എസിന്റെ ശാഖയായി അധഃപതിച്ചിരിക്കുന്നു- കമല്‍നാഥ് ഇന്‍ഡോറില്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.

വ്യാപം അഴിമതി അന്വേഷിക്കാനാണ് സി ബി എൈയെ നിയോഗിച്ചതെങ്കിലും അവര്‍ ഇപ്പോള്‍ ചെയ്യുന്നത് വിധി പുറപ്പെടുവിക്കലാണെന്നും കമല്‍നാഥ് കൂട്ടിച്ചേര്‍ത്തു.

ഒക്ടോബര്‍ 31 നാണ് വ്യാപം പരീക്ഷാത്തട്ടിപ്പുമായി ബന്ധപ്പെട്ട കുറ്റപത്രം സി ബി ഐ സമര്‍പ്പിച്ചത്. ആരോപണം ഉയര്‍ന്നിരുന്നെങ്കിലും തെളിവുകളുടെ അഭാവത്തില്‍ ശിവരാജ് സിങ് ചൗഹാന്റെ കുറ്റപത്രത്തില്‍ സി ബി ഐ ഉള്‍പ്പെടുത്തിയിരുന്നില്ല. രാജ്യത്തെ ഏറ്റവും അഴിമതി നിറഞ്ഞ സര്‍ക്കാരാണ് മധ്യപ്രദേശിലേതെന്നും കമല്‍ നാഥ് പറഞ്ഞു.

content highlights: cbi becomes rss shakha says kamalnath, vyapam scam, rss shakha, shivrajsigh chouhan, kamalnath