ഹൈദരാബാദ്: ബഹുനില കെട്ടിടം തകര്‍ന്നു വീഴുമ്പോള്‍ അരികിലൂടെ നടന്നുപോയ സ്ത്രീ പരിക്കുകളേല്‍ക്കാതെ അത്ഭുതകരമായി രക്ഷപ്പെട്ടു. ഹൈദരാബാദിലെ മോഗല്‍പുരയിലാണ് സംഭവം. രണ്ടുനില കെട്ടിടം ഒന്നായി നിലംപൊത്തുമ്പോള്‍ ഇഞ്ചുകള്‍ മാത്രം അകലത്തില്‍ നടന്നു പോവുകയായിരുന്നു സ്ത്രീ. 

സംഭവസ്ഥലത്തിനരികെ സ്ഥാപിച്ചിരുന്ന സിസിടിവി ക്യാമറയില്‍ പതിഞ്ഞ അപകടദൃശ്യങ്ങള്‍ കാണുമ്പോള്‍ ആ സ്ത്രീ രക്ഷപ്പെട്ടത് തികച്ചും അദ്ഭുതകരമായി നമുക്ക് തോന്നും. തിരക്കേറിയ റോഡിലൂടെ കറുത്ത ബുര്‍ഖ ധരിച്ച് ഒരു സ്ത്രീ നടന്നു വരുന്നതാണ് ക്യാമറാദൃശ്യങ്ങളില്‍ ആദ്യം കാണുന്നത്. 

ഒരു പഴയ രണ്ടുനിലക്കെട്ടിടത്തിന് മുന്നിലൂടെ ഏതാണ്ട് പകുതിദൂരം അവര്‍ പിന്നിട്ട ഉടനെയാണ് കെട്ടിടം ഒന്നായി തകര്‍ന്നുവീഴുന്നത്. ആ സ്ത്രീ പെട്ടെന്ന് ചാടിമാറുന്നുണ്ട്.  പിന്നീട് പൊടിപടലം കാരണം ഒന്നും കാണാനാവുന്നില്ല. നിമിഷങ്ങള്‍ കഴിയുമ്പോള്‍ അന്തരീക്ഷം തെളിയുന്നതും കെട്ടിടാവശിഷ്ടങ്ങള്‍ വീണു കിടക്കുന്നതും  വാഹനങ്ങള്‍ നീങ്ങുന്നതും നമുക്ക് കാണാം. 

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഹൈദരാബാദില്‍ കനത്ത മഴയാണ് പെയ്യുന്നത്. രണ്ട് മാസം പ്രായമുള്ള കുട്ടിയുള്‍പ്പെടെ 15 പേര്‍ കനത്തമഴയെ തുടര്‍ന്നുണ്ടായ അപകടങ്ങളില്‍ പെട്ട് മരിച്ചു. മതില്‍ തകര്‍ന്ന് പത്ത് വീടുകളുടെ മുകളിലേക്ക് വീണ്ടുണ്ടായ അപകടത്തില്‍ ഒമ്പത് പേരാണ് മരിച്ചത്. 

Content Highlights: Caught On Camera, Hyderabad Woman's Narrow Escape As Building Collapses