അഹമ്മദാബാദ്: മരണമുഖത്തുനിന്നുള്ള അത്ഭുതകരമായ രക്ഷപെടലുകളെക്കുറിച്ച് നിരവധി വാര്‍ത്തകള്‍ നാം അറിയാറുണ്ട്. അത്തരത്തിലൊരു സംഭവമാണ് ഗുജറാത്തില്‍ നിന്ന് വാര്‍ത്തകളില്‍ നിറയുന്നത്. നടുറോഡില്‍ വച്ച് ട്രക്കിടിച്ച ശേഷവും പരിക്കുകളൊന്നും കൂടാതെ നടന്നുപോവുന്ന മനുഷ്യന്റെ വീഡിയോയാണ് സാമൂഹികമാധ്യമങ്ങളില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. 

ഹലോള്‍-പവാഗത് ദേശീയപാതയില്‍ നിന്നുള്ള വീഡിയോ ദൃശ്യങ്ങള്‍ എഎന്‍ഐ വാര്‍ത്താ ഏജന്‍സിയാണ് പുറത്തുവിട്ടത്. കാല്‍നടയാത്രക്കാരനെ ഒരു ട്രക്ക് ഇടിച്ചിടുന്നതാണ് വീഡിയോയിലുള്ളത്. ഇടിയുടെ ആഘാതത്തില്‍ അയാള്‍ നിലത്തേക്ക് മറിഞ്ഞുവീഴുകയും ചെയ്തു. എന്നാല്‍ തൊട്ടടുത്ത നിമിഷം വളരെ നിസ്സാരമായി എഴുന്നേറ്റ് നടന്നുപോവുന്ന അയാളെ കാണാം. ട്രക്കിനടിയില്‍ പെടാതെ വശത്തേക്ക് വീണതാണ് ഈ അത്ഭുതരക്ഷപടലിന് വഴിയൊരുക്കിയത്‌.