ന്യൂഡല്‍ഹി: കോവിഡിനെതിരെ  പോരാട്ടം നയിക്കുകയാണ് ലോകം. ഇതിനിടെ ക്യാറ്റ് ക്യൂ(സി.ക്യു.വി) എന്ന പേരിലറിയപ്പെടുന്ന മറ്റൊരു ചൈനീസ് വൈറസിനെക്കുറിച്ച് മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച്‌(ഐ.സി.എം.ആര്‍).  ഇന്ത്യയില്‍ വന്‍തോതില്‍ വ്യാപിക്കാന്‍ ക്യാറ്റ് ക്യൂ വൈറസിന് ശേഷിയുണ്ടെന്നാണ് ഐ.സി.എം.ആര്‍. ഗവേഷകര്‍ മുന്നറിയിപ്പ് നല്‍കുന്നത്. 

ഇന്ത്യന്‍ ജേണല്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചിന്റെ പുതിയ ലക്കത്തിലാണ് ഇതുസംബന്ധിച്ച് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. സി.ക്യൂവിന്റെ വ്യാപനം മനസ്സിലാക്കുന്നതിന് രാജ്യത്ത് കൂടുതല്‍ സാംപിളുകള്‍ പരിശോധിക്കേണ്ടിവരുമെന്നും പഠനം പറയുന്നുണ്ട്. 

ആര്‍ത്രോപോഡ് ബോണ്‍ വിഭാഗത്തില്‍പ്പെടുന്ന വൈറസാണ് സി.ക്യു.വി. ചൈനയിലും വിയറ്റ്‌നാമിലും ക്യൂലക്‌സ് കൊതുകുകളിലും പന്നികളിലും ഇതിനകം ക്യാറ്റ് ക്യൂ വൈറസ് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഈ വൈറസ് മനുഷ്യരില്‍ പനി, മെനിഞ്ചൈറ്റിസ്, പീഡിയാട്രിക് എന്‍സെഫലൈറ്റിസ് എന്നീ അസുഖങ്ങള്‍ക്ക് ഈ വൈറസ് കാരണമാകുമെന്ന് വിദ്ഗ്ധര്‍ പറയുന്നു. 

ഇന്ത്യയിലെ ഏതാനും സംസ്ഥാനങ്ങളില്‍നിന്നു ശേഖരിച്ച 883 സെറം സാംപിളുകളില്‍ രണ്ടെണ്ണത്തില്‍ സി.ക്യുവിന്റെ ആന്റിബോഡികള്‍ ഗവേഷകര്‍ കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ ഇവയിലൊന്നും വൈറസ് സാന്നിധ്യം കണ്ടെത്തിയിട്ടില്ല. എന്നാല്‍ ഇന്ത്യയില്‍ ഈ വൈറസ് വ്യാപനത്തിന് സാധ്യതയുണ്ടെന്ന് മനുഷ്യ സെറം സാമ്പിളുകളിലെ ആന്റി ബോഡിയുടെ സാന്നിധ്യവും കൊതുകുകളിലെ സി.ക്യുവിയും സൂചിപ്പിക്കുന്നതായി ഗവേഷകര്‍ പറയുന്നു. 

Content Highlights: Cat Que Virus: ICMR warns of another Chinese virus which could spread disease in country