ന്യൂഡല്‍ഹി: തെക്ക് പടിഞ്ഞാറന്‍ ഡല്‍ഹിയിലെ ചാവ് ല നഗരത്തില്‍ കോര്‍പറേഷന്‍ ബാങ്ക് ശാഖ ആയുധധാരികളായ മോഷ് ടാക്കള്‍ കൊള്ളയടിച്ചു.

കവര്‍ച്ചാ ശ്രമം തടയുന്നതിനിടെ ബാങ്ക് ജീവനക്കാരനെ വെടിവെച്ച് കൊന്നു. 33 വയസ്സുകാരനായ സന്തോഷ് കുമാര്‍ എന്ന ബാങ്ക് കാഷ്യറാണ് കൊല്ലപ്പെട്ടത്. ഇദ്ദേഹത്തെ വെടിവെച്ചു വീഴ്ത്തിയ ശേഷം അക്രമികള്‍ മൂന്നു ലക്ഷം രൂപയുമായി കടന്നു കളഞ്ഞു.

ദ്വാരകയിലെ ചാവ്‌ലയില്‍ സ്ഥിതി ചെയ്യുന്ന ബാങ്കില്‍ എത്തിയ അക്രമികള്‍ സന്തോഷിനെ തോക്കിന്‍ മുനയില്‍ നിര്‍ത്തി പണം ആവശ്യപ്പെട്ടു. എന്നാല്‍ സന്തോഷ് കവര്‍ച്ചാ ശ്രമം ചെറുത്തതോടു കൂടിയാണ് അക്രമികള്‍ വെടി ഉയര്‍ത്തത്. രണ്ട് തവണ വെടിയേറ്റ സന്തോഷിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണപ്പെടുകയായിരുന്നു.

വെള്ളിയാഴ്ച വൈകിട്ട് 3.45 ഓടെയായിരുന്നു സംഭവം. മുഖം മറച്ച് ബൈക്കില്‍ എത്തിയ അക്രമികള്‍ ബാങ്കിലേക്ക് അതിക്രമിച്ച് കയറുകയായിരുന്നു. കവര്‍ച്ചയും കൊലപാതകവും മുഴുവനായി ബാങ്ക് സി.സി.ടി.വിയില്‍ പതിഞ്ഞിട്ടുണ്ട്. ഇതുപയോഗിച്ച് അക്രമികളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്.

content highlights: Cashier shot dead during bank robbery