ബെംഗളൂരു: പി.ഡബ്ല്യു.ഡി എഞ്ചിനീയറുടെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ കണ്ടെത്തിയത് ചുവരിലെ പൈപ്പുകള്‍ക്കുള്ളില്‍ നിറച്ചുവെച്ച നിലയില്‍ ലക്ഷങ്ങളുടെ നോട്ടുകള്‍. കര്‍ണാടകയിലെ കല്‍ബുര്‍ഗി ജില്ലയിലാണ് ഞെട്ടിക്കുന്ന സംഭവം. 

പി.ഡബ്യു.ഡി വകുപ്പിലെ ജോയിന്റ് എഞ്ചിനീയറായ ശാന്ത ഗൗഡ ബരാദറിന്റെ വീട്ടിലാണ് അഴിമതി വിരുദ്ധ സംഘം പരിശോധനയ്‌ക്കെത്തിയത്. അഴിമതി ആരോപണം നേരിടുന്ന ഉദ്യോഗസ്ഥരുടെ വീടുകളില്‍ സംസ്ഥാനത്താകമാനം നടത്തുന്ന പരിശോധനയുടെ ഭാഗമായാണ് അന്വേഷണ സംഘം ഇവിടെയുമെത്തിയത്. തുടർന്ന് നടത്തിയ പരിശോധനയിലാണ് അനധികൃതമായി സൂക്ഷിച്ച പണവും സ്വർണവും കണ്ടെത്തിയത്.

പരിശോധന സംബന്ധിച്ച് നേരത്തെ വിവരം ലഭിച്ചതിനാല്‍ എഞ്ചിനീയര്‍ പണം വീട്ടിലെ പൈപ്പിനുള്ളില്‍ ഒളിപ്പിച്ചിരിക്കുകയായിരുന്നു. പൈപ്പിനുള്ളില്‍ പണമുണ്ടെന്ന് മനസ്സിലാക്കിയ ഉദ്യോഗസ്ഥര്‍ ഒരു പ്ലംബറെ എത്തിച്ച് പൈപ്പ് പൊളിച്ചാണ് പണം കണ്ടെത്തിയത്. ഇയാളുടെ വീട്ടില്‍ നടന്ന റൈഡില്‍ 25 ലക്ഷം രൂപയും വലിയ അളവില്‍ സ്വര്‍ണവും പിടിച്ചെടുത്തു. 

പൈപ്പിനുള്ളില്‍ നിന്ന് നോട്ടുകള്‍ പുറത്തെടുക്കുന്ന ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലാണ്. ഈ പൈപ്പുകള്‍ പണം ഒളിപ്പിക്കുന്നതിന് വേണ്ടി മാത്രമായി ഉണ്ടാക്കിയതാണെന്ന് പരിശോധനയില്‍ വ്യക്തമായി. സംസ്ഥാനത്താകമാനം 60 ഇടങ്ങളിലാണ് അഴിമതി വിരുദ്ധ സേന റെയ്ഡ് നടത്തിയത്.

Content Highlights: Cash Pipeline' Found During Raid At Karnataka Official's Home