ഐഎൻഎസ് വിക്രാന്തിൽ പറന്നിറങ്ങിയ യുദ്ധവിമാനം | ഫോട്ടോ: https://twitter.com/indiannavy
ന്യൂഡല്‍ഹി: ഇന്ത്യയുടെ ആദ്യ തദ്ദേശനിര്‍മിത വിമാനവാഹിനി കപ്പലായ ഐഎന്‍എസ് വിക്രാന്തില്‍ ആദ്യമായി പറന്നിറങ്ങി തേജസും മിഗ് 29കെയും ചരിത്രം കുറിച്ചു. ഇന്ത്യന്‍ നിര്‍മിത ലൈറ്റ് കോംബാറ്റ് എയര്‍ക്രാഫ്റ്റ് (എല്‍സിഎ) ആണ് തേജസ്. റഷ്യന്‍ നിര്‍മിത യുദ്ധവിമാനമാണ് മിഗ്-29കെ. കപ്പലില്‍ യുദ്ധവിമാനങ്ങള്‍ ഇറക്കിയുള്ള പരീക്ഷണത്തിന്റെ ഭാഗമായാണ് രണ്ടു വിമാനങ്ങളും ഇറക്കിയത്.
ഐഎന്‍എസ് വിക്രാന്തില്‍ ആദ്യമായി ഇന്ത്യന്‍ പൈലറ്റുമാര്‍ യുദ്ധവിമാനങ്ങള്‍ ഇറക്കുമ്പോള്‍, ഇന്ത്യന്‍ നാവികസേന ആത്മനിര്‍ഭര്‍ ഭാരതിന്റെ പുതിയൊരു നാഴികക്കല്ല് പിന്നിടുകയാണെന്ന് നാവികസേനയുടെ പ്രസ്താവനയില്‍ പറഞ്ഞു. വിമാനവാഹിനിക്കപ്പലും യുദ്ധവിമാനവും തദ്ദേശീയമായി രൂപകല്‍പന ചെയ്യാനും വികസിപ്പിക്കാനും നിര്‍മിക്കാനും പ്രവര്‍ത്തിപ്പിക്കാനുമുള്ള ഇന്ത്യയുടെ ശേഷിയാണ് ഇതിലൂടെ പ്രകടിപ്പിക്കപ്പെടുന്നതെന്നും നാവികസേന വ്യക്തമാക്കി.
തദ്ദേശീയമായി നിര്‍മിക്കപ്പെട്ട ഏറ്റവും വലിയ കപ്പലായ ഐഎൻഎസ് വിക്രാന്ത് 2022 സെപ്തംബറിലാണ് കമ്മീഷന്‍ ചെയ്തത്. നാവികസേനയുടെ ആഭ്യന്തരവിഭാഗമായ ഡയറക്ടറേറ്റ് ഓഫ് നേവല്‍ ഡിസൈന്‍ (ഡിഎന്‍ഡി) ആണ് കപ്പല്‍ രൂപകല്‍പന ചെയ്തത്. 2,300-ലധികം കംപാര്‍ട്മെന്റുകള്‍ ഉള്ള വിക്രാന്തിന് 1,700 പേരെ വഹിക്കാനാകും.
262 മീറ്റര്‍ നീളവും 62 മീറ്റര്‍ വിസ്താരവും വിക്രാന്തിനുണ്ട്. രണ്ട് ഫുട്ബോള്‍ മൈതാനങ്ങളുടെ വലിപ്പമുള്ള വിക്രാന്തിന് 20 യുദ്ധവിമാനങ്ങളും 10 ഹെലികോപ്ടറുകളുമടക്കം മുപ്പതോളം വിമാനങ്ങളെ വഹിക്കാന്‍ ശേഷിയുണ്ട്. 28 നോട്ടിക്കല്‍മൈല്‍ വേഗതയില്‍ വിക്രാന്തിന് സഞ്ചരിക്കാനാകും. 18 നോട്ടിക്കല്‍ മൈല്‍ വേഗതയില്‍ 7,500 മൈല്‍ ദൂരം സഞ്ചരിക്കാനുമാകും.
Content Highlights: Carrier INS Vikrant Crosses Milestone With First Jet Landing On Deck
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..