അശോക് ഗെഹ്ലോട്ട്(ഫയൽ ചിത്രം) | Photo: A.N.I.
ജയ്പുര്‍: കോവിഡ് ബാധിച്ചതിനുശേഷമുള്ള സങ്കീര്‍ണതകള്‍ തന്റെ ഹൃദയാരോഗ്യത്തെ ബാധിച്ചതായി രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗഹ്‌ലോത്. കോവിഡാനന്തരമുള്ള ആരോഗ്യപ്രശ്‌നങ്ങളാല്‍ കഴിഞ്ഞ ഏതാനും ദിവസങ്ങളായി തനിക്ക് പൊതുപരിപാടികളിലൊന്നും പങ്കെടുക്കാന്‍ കഴിഞ്ഞില്ലെന്നും അദ്ദേഹം അറിയിച്ചു.
70-കാരനായ ഗഹ്‌ലോത് ഏപ്രിലിലാണ് കോവിഡ് രോഗബാധിതനാവുന്നത്. മേയില്‍ അദ്ദേഹം രോഗമുക്തി നേടിയെങ്കിലും കോവിഡിനുശേഷമുള്ള ആരോഗ്യപ്രശ്‌നങ്ങളാല്‍ ബുദ്ധിമുട്ടുകയായിരുന്നു. കോവിഡ് മുക്തിനേടിയ ശേഷം താന്‍ പകലും രാത്രിയും ജോലി ചെയ്തുവെന്നും ആവശ്യമായ വിശ്രമം എടുത്തിരുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ലഖ്‌നൗവിലെ സര്‍ക്കാര്‍ ആശുപത്രിയില്‍വെച്ച് വെള്ളിയാഴ്ച ഗഹ്‌ലോത് ആന്‍ജിയോപ്ലാസ്റ്റിക്ക് വിധേയമായിരുന്നു.
'ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചതുപോലെ വിശ്രമമെടുക്കാന്‍ കഴിഞ്ഞിരുന്നില്ല. അതുകൊണ്ട്, കോവിഡാനന്തരമുള്ള സങ്കീര്‍ണതകള്‍ കുറേക്കാലത്തേക്ക് നീണ്ടനിന്നു. അതിനാലാണ് കഴിഞ്ഞ കുറെ ദിവസങ്ങളായി എനിക്ക് പൊതുജനങ്ങളുടെ ഇടയിലേക്ക് വരാന്‍ കഴിയാതിരുന്നത്'-ഗഹ്‌ലോത് പ്രസ്താവനയില്‍ അറിയിച്ചു.
പൊതുപരിപാടികളില്‍ പങ്കെടുക്കത്താത്തിന് പ്രതിപക്ഷം ഗഹ്ലോത്തിനെ വിമര്‍ശിച്ച് രംഗത്തെത്തിയിരുന്നു. മുമ്പ് തനിക്ക് ഹൃദ്രോഗമില്ലായിരുന്നുവെന്നും കോവിഡാണ് നിലവിലെ ഹൃദയാരോഗ്യപ്രശ്‌നങ്ങള്‍ക്കു കാരണമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചെന്നും അദ്ദേഹം പറഞ്ഞു. തനിക്ക് നല്ല ആരോഗ്യം നേര്‍ന്ന എല്ലാവര്‍ക്കും അദ്ദേഹം നന്ദി അറിയിച്ചു.
'ആളുകളില്‍ പലതരത്തിലാണ് കോവിഡ് ബാധിക്കുകയെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. ഹൃദയം, തലച്ചോര്‍. വൃക്ക, കരള്‍ എന്നിവയെ അത് ബാധിക്കും. രോഗമുക്തി നേടിയാലും തലവേദന, തളര്‍ച്ച, ശ്വാസംമുട്ടല്‍ എന്നിവ ദീര്‍ഘകാലത്തേക്ക് നിലനില്‍ക്കും. അതിനാല്‍, കോവിഡ്, കോവിഡാനന്തര ബുദ്ധിമുട്ടുകള്‍ ഗൗരവമായി തന്നെ എടുക്കണം'-മുഖ്യമന്ത്രി പ്രസ്താവനയില്‍ പറഞ്ഞു.
കോവിഡ്-19 നിയന്ത്രണങ്ങള്‍ കൃത്യമായി പാലിക്കണമെന്ന് ജനങ്ങളോട് നിര്‍ദേശിച്ച അദ്ദേഹം വാക്‌സിന്‍ കൃത്യസമയത്തെടുക്കണമെന്നും മാസ്‌കു ധരിക്കുക, സാമൂഹിക അകലം പാലിക്കുക, കൈകള്‍ സോപ്പിട്ട് കഴുകുക എന്നീ കാര്യങ്ങള്‍ ഗൗരവത്തോടെ എടുക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. കോവിഡിനുശേഷം ഏതെങ്കിലും തരത്തിലുള്ള ബുദ്ധിമുട്ടുകളുണ്ടെങ്കില്‍ എത്രയും വേഗം ഡോക്ടറുടെ സഹായം തേടണമെന്ന് പറഞ്ഞ അദ്ദേഹം ചെറിയ അശ്രദ്ധ വലിയ ആരോഗ്യപ്രശ്‌നങ്ങള്‍ക്കു വഴിവെക്കുമെന്നും കൂട്ടിച്ചേര്‍ത്തു.
Content highlights: cardiac trouble due to post Covid complications ashok Gehlot
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..