ന്യൂഡല്‍ഹി: ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ് പഞ്ചാബ് മുഖ്യമന്ത്രിയായി ഈ മാസം 16-ന് സത്യപ്രതിജ്ഞ ചെയ്യും. അമരീന്ദറിനെ പാര്‍ലമെന്ററി പാര്‍ട്ടി നേതാവായി തിരഞ്ഞെടുത്തു.

സത്‌ലജ്-യമുനാ ലിങ്ക് കനാല്‍ കേസിന്റെ വിചാരണ നടക്കുന്നതിന്റെ 12 ദിവസം മുമ്പ് സത്യപ്രതിജ്ഞ നടക്കുന്നു എന്നതാണ് ഏറെ ശ്രദ്ധേയം. കഴിഞ്ഞദിവസം പ്രധാനമന്ത്രി തന്നോട് സംസാരിച്ചിരുന്നെന്നും പഞ്ചാബിന് വേണ്ടതെല്ലാം ചെയ്യാന്‍ സന്നദ്ധനാണെന്ന് അറിയിക്കുകയും ചെയ്‌തെന്ന് അമരീന്ദര്‍ സിങ് പ്രതികരിച്ചു. 

മയക്കുമരുന്ന് മാഫിയാ തലവന്‍ ബിക്രം മജീദിയയെക്കെതിരെ നടപടി സ്വീകരിക്കുമോ എന്ന ചോദ്യത്തിന് കുടിപ്പക രാഷ്ട്രീയം ഉണ്ടാവില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. ആരോഗ്യത്തിനും വിദ്യാഭ്യാസത്തിനുമാണ് കൂടുതല്‍ ശ്രദ്ധ കൊടുക്കുന്നതെന്നും അദ്ദേഹം അറിയിച്ചു. 

പഞ്ചാബില്‍ കോണ്‍ഗ്രസിന് 117ല്‍ 77 സീറ്റാണ് ലഭിച്ചത്. സത്‌ലജ്-യമുനാ ലിങ്ക് ഉടമ്പടി ഭരണഘടനാ വിരുദ്ധമാണെന്ന് പറഞ്ഞ് അത് നിര്‍ത്തിവപ്പിച്ച 2004 ആക്റ്റിനെതിരെ സുപ്രീംകോടതി രംഗത്തുവന്നിരുന്നു. ഇതിനെത്തുടര്‍ന്ന് അമരീന്ദര്‍ സിങ്ങിന് ലോക്‌സഭയില്‍ നിന്ന് രാജിവെക്കേണ്ടിവരികയും ചെയ്തിരുന്നു.