കൊല്‍ക്കത്ത : വ്യത്യസ്ത മതത്തില്‍പ്പെട്ടയാളെ വിവാഹം കഴിക്കാന്‍ മകളെ അനാവശ്യമായി സ്വാധീനിച്ചുവെന്നാരോപിച്ച പിതാവിന്റെ ഹര്‍ജി കൊല്‍ക്കത്ത ഹൈക്കോടതി തള്ളി. ഒരു മുതിര്‍ന്ന വ്യക്തി അവളുടെ ഇഷ്ടപ്രകാരം വിവാഹം കഴിച്ച് മതപരിവര്‍ത്തനം നടത്താന്‍ തീരുമാനമെടുക്കുന്നതില്‍ ഇടപെടാനാവില്ലെന്ന് കോടതി അറിയിച്ചു.
പിതാവ് നല്‍കിയ പരാതിയില്‍ പെണ്‍കുട്ടിയെ മജിസ്‌ട്രേറ്റിന് മുമ്പില്‍ പോലീസ് ഹാജരാക്കിയപ്പോള്‍ താന്‍ സ്വന്തം ഇഷ്ടപ്രകാരം വിവാഹം ചെയ്യുകയായിരുന്നുവെന്നായിരുന്നു പെണ്‍കുട്ടി മൊഴി നല്‍കിയത്.
പെണ്‍കുട്ടിക്ക് സുഖകരമായ അന്തരീക്ഷത്തിലായിരുന്നില്ല മജിസ്‌ട്രേറ്റ് അവരുടെ മൊഴിയെടുത്തത് എന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഹൈക്കോടതിയില്‍ പിതാവ് ഹര്‍ജി നല്‍കിയത്.
എന്നാല്‍ ഒരു മുതിര്‍ന്ന വ്യക്തി അവളുടെ ഇഷ്ടപ്രകാരം വിവാഹം കഴിക്കുന്നതില്‍ ഇടപെടാനാവില്ലെന്നായിരുന്നു ഹൈക്കോടതി പറഞ്ഞത്. "ഒരു മുതിര്‍ന്നയാല്‍ സ്വന്തം ഇഷ്ടപ്രകാരം വിവാഹം കഴിച്ച് മതപരിവര്‍ത്തനം നടത്തി തന്റെ സ്വന്തം വീട്ടിലേക്ക് വരാതിരിക്കാനുള്ള തീരുമാനമെടുത്താല്‍ അതില്‍ ഇടപെടാന്‍ ആവില്ല", എന്നാണ് ജസ്റ്റിസ് സഞ്ജീബ് ബാനര്‍ജി അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ച് നിരീക്ഷിച്ചത്.
19 കാരിയായ പെണ്‍കുട്ടി തനിക്കിഷ്ടപ്പെട്ടയാളെ വിവാഹം ചെയ്തതിനെതിരെയാണ് ഹൈക്കോടതിയില്‍ പിതാവ് ഹര്‍ജി നല്‍കിയത്.
content highlights: Cant Interfere If an adult Marries and converts as per her choice, says High Court