ഛണ്ഡീഗഡ്: പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങ് രാജിവച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് അമരീന്ദറിനോട് രാജി ആവശ്യപ്പെട്ടതായാണ് സൂചന. ശനിയാഴ്ച വൈകീട്ട് അഞ്ച് മണിക്ക് കോണ്‍ഗ്രസ് നേതൃത്വം അടിയന്തര നിയമസഭാ കക്ഷി യോഗം വിളിച്ചിട്ടുണ്ട്. ഇതിന് പിന്നാലെയാണ് അമരീന്ദര്‍ മുഖ്യമന്ത്രി സ്ഥാനം രാജിവച്ചേക്കുമെന്നുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്. 

കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുമായി അമരീന്ദര്‍ ടെലിഫോണില്‍ ആശയവിനിമയം നടത്തിയിരുന്നു. മൂന്നാം തവണയാണ് താന്‍ പാര്‍ട്ടിയില്‍ അപമാനിക്കപ്പെടുന്നതെന്നും ഇനിയും അപമാനം സഹിച്ച് തുടരാനാകില്ലെന്നും അമരീന്ദര്‍ സോണിയയെ അറിയിച്ചതായാണ് വിവരം. ഹൈക്കമാന്‍ഡ് എന്തു തീരുമാനമെടുത്താലും അംഗീകരിക്കുമെന്ന് അദ്ദേഹം നേതൃത്വത്തെ അറിയിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്. അതേസമയം അമരീന്ദര്‍ പാര്‍ട്ടി വിട്ടേക്കുമെന്നുള്ള റിപ്പോര്‍ട്ടുകളും പ്രചരിക്കുന്നുണ്ട്. 

അമരീന്ദറിനെ മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് മാറ്റണമെന്നാവശ്യപ്പെട്ട് 40 എംഎല്‍എമാര്‍ കഴിഞ്ഞ ദിവസം ഹൈക്കമാന്‍ഡിനെ സമീപിച്ചിരുന്നു. ഇതില്‍ നാല് മന്ത്രിമാരും ഉള്‍പ്പെടുന്നു. പഞ്ചാബ് പിസിസി അധ്യക്ഷനായി നവ്‌ജ്യോത് സിങ് സിദ്ദു വന്നതോടെയാണ് അമരീന്ദറിനെതിരേയുള്ള നീക്കം ശക്തിപ്പെട്ടത്.  

സമീപകാലത്ത് എഐസിസി പഞ്ചാബില്‍ നടത്തിയ അഭിപ്രായ സര്‍വേയില്‍ മുഖ്യമന്ത്രിയുടെ ജനപ്രീതിയില്‍ വലിയ ഇടിവുണ്ടായതായി കണ്ടെത്തിയിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട്‌ വിവിധ ചാനലുകള്‍ നടത്തിയ അഭിപ്രായ സര്‍വേകളിലും ഇതേ കാര്യമാണ് വ്യക്തമായത്. ഇതോടുകൂടിയാണ് അമരീന്ദറിനെ മുന്‍നിര്‍ത്തി തിരഞ്ഞെടുപ്പിനെ നേരിട്ടാല്‍ തിരിച്ചടിയുണ്ടാകുമെന്ന കാര്യം ഒരുവിഭാഗം എംഎല്‍എമാര്‍ ഹൈക്കമാന്‍ഡിനെ അറിയിച്ചത്. 

ഇതിന്റെ അടിസ്ഥാനത്തിലാണ് നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ അടിയന്തര നിയമസഭാ കക്ഷി യോഗം ചേരുന്നത്. എഐസിസി നീരീക്ഷകരായ അജയ് മാക്കനും ഹരീഷ് ചൗധരിയും യോഗത്തില്‍ പങ്കെടുക്കും. സംസ്ഥാന ചുമതലയുള്ള ജനറല്‍ സെക്രട്ടറി ഹരീഷ് റാവത്തും ഛണ്ഡിഗഢിലെത്തിയിട്ടുണ്ട്. 

117 അംഗ നിയമസഭയില്‍ 80 അംഗങ്ങളാണ് കോണ്‍ഗ്രസിനുള്ളത്. ഇതില്‍ 78 പേരുടെ പിന്തുണ സിദ്ദുവിനുണ്ടെന്ന് നേരത്തെതന്നെ സിദ്ദു അനുകൂലികള്‍ അവകാശപ്പെട്ടിരുന്നു.

content highlights: Cant Continue With Such Humiliation,Captain Tells Sonia Gandhi: Sources