മുംബൈ: മഹാരാഷ്ട്രയിലെ കോവിഡ് സ്ഥിതിഗതികള്‍ രൂക്ഷമാവുകയാണെങ്കില്‍ ലോക്ഡൗണിനുളള സാധ്യത തളളിക്കളയാനാവില്ലെന്ന മുന്നറിയിപ്പുമായി മുഖ്യമന്ത്രി ഉദ്ധവ് താക്കറേ. മഹാരാഷ്ട്ര ദുര്‍ഘടസന്ധിയിലാണെന്ന് ചൂണ്ടിക്കാട്ടിയ താക്കറേ ജനങ്ങളുടെ ആരോഗ്യത്തിനാണോ സമ്പദ്ഘടനയ്ക്കാണോ പ്രധാന്യം നല്‍കേണ്ടതെന്നും ചോദിച്ചു. സംസ്ഥാനത്ത് കോവിഡ് കേസുകള്‍ ഉയരുന്നതിന്റെ പശ്ചാത്തലത്തില്‍ ടെലിവിഷനിലൂടെ ജനങ്ങളെ അഭിസംബോധന ചെയ്യുകയായിരുന്നു താക്കറേ. 

'ഈ സാഹചര്യം തുടരുകയാണെങ്കില്‍, കോവിഡ് കേസുകള്‍ വര്‍ധിക്കുകയാണെങ്കില്‍ 15 ദിവസത്തിനുളളില്‍ നമ്മുടെ അടിസ്ഥാന സൗകര്യങ്ങള്‍ മതിയാകാതെ വരുമെന്ന് ഞാന്‍ നേരത്തേ നിങ്ങളെ അറിയിച്ചിരുന്നു. അതിനാല്‍ ഇന്ന് ഞാന്‍ ലോക്ഡൗണിനെ കുറിച്ച് നിങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കുകയാണ്. ആളുകളോട് സംസാരിച്ച് രണ്ടുദിവസത്തിനുളളില്‍ പരിഹാരം കണ്ടെത്താനായില്ലെങ്കില്‍ എനിക്ക് മുന്നില്‍ മറ്റുമാര്‍ഗങ്ങളില്ല.' താക്കറേ പറഞ്ഞു. 

രാജ്യം രണ്ടാംഘട്ട കോവിഡ് വ്യാപനത്തെ അഭിമുഖീകരിച്ചുകൊണ്ടിരിക്കുകയാണ്. വെള്ളിയാഴ്ച 81,466 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. കഴിഞ്ഞ ആറുമാസത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിരക്കായിരുന്നു ഇത്. രാജ്യത്ത് നിലവില്‍ ഏറ്റവും കൂടുതല്‍ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് മഹാരാഷ്ട്രയിലാണ്. വെള്ളിയാഴ്ച 43,183 കേസുകള്‍ സ്ഥിരീകരിച്ചിരുന്നു. സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമാകുന്നതിന്റെ പശ്ചാത്തലത്തില്‍ നിരവധി ജില്ലകളില്‍ രാത്രികാല കര്‍ഫ്യൂ ഉള്‍പ്പടെയുളള നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. 

ചത്തീസ്ഗഢ്, കര്‍ണാടക, പഞ്ചാബ്, കേരള, തമിഴ്‌നാട്, ഗുജറാത്ത്, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളിലും കേസുകള്‍ ഉയരുന്നുണ്ട്. രാജ്യത്ത് കോവിഡ് ബാധിതര്‍ 1.23 കോടി കടന്നു. യുഎസും ബ്രസീലും കഴിഞ്ഞാല്‍ ഏറ്റവും അധികം കോവിഡ് ബാധിതര്‍ ഇന്ത്യയിലാണ്.  കോവിഡ് വ്യാപനം വര്‍ധിച്ചതിനെ തുടര്‍ന്ന് പ്രതിരോധ കുത്തിവെപ്പ് ശക്തമാക്കിയെങ്കിലും രോഗവ്യാപനത്തെ നിയന്ത്രണവിധേയമാക്കാന്‍ പല സംസ്ഥാനങ്ങള്‍ക്കും സാധിച്ചിട്ടില്ല. 
.

Content Highlights: cannot rule out imposing a lockdown if the current COVID-19 situation prevails says Thackeray