വോട്ടെണ്ണൽ കേന്ദ്രത്തിൽ നിന്നുള്ള കാഴ്ച(ഫയൽ ചിത്രം)| ഫോട്ടോ: മാതൃഭൂമി
ന്യൂഡല്‍ഹി: കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റോ രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിച്ച സര്‍ട്ടിഫിക്കറ്റോ ഇല്ലാതെ സ്ഥാനാര്‍ഥികളേയും ഏജന്റുമാരേയും വോട്ടെണ്ണല്‍ കേന്ദ്രത്തിലേക്ക് പ്രവേശിപ്പിക്കില്ലെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍. രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമായ പശ്ചാത്തലത്തിലാണ് തീരുമാനം.
48 മണിക്കൂറിനുള്ളില്‍ ആന്റിജന്‍/ആര്‍ടിപിസിആര്‍ പരിശോധന നടത്തിയ സര്‍ട്ടിഫിക്കറ്റ് ആണ് ഹാജരാക്കേണ്ടത്. വോട്ടെണ്ണല്‍ കേന്ദ്രത്തിന് മുന്നില്‍ ആളുകള്‍ കൂടി നില്‍ക്കരുതെന്നും തിരഞ്ഞെടുപ്പ് കമ്മീഷന്റെ പുതിയ ഉത്തരവില്‍ നിര്‍ദേശിക്കുന്നുണ്ട്.
വോട്ടെണ്ണല്‍ ദിനത്തില്‍ ആഹ്ലാദ പ്രകടനങ്ങള്‍ നടത്തരുതെന്നും കഴിഞ്ഞദിവസം തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദേശിച്ചിരുന്നു. ഏജന്റുമാരുടെ പേരുവിവരങ്ങള്‍ മൂന്ന് ദിവസത്തിന് മുന്നില്‍ ഹാജരാക്കാനും നിര്‍ദേശമുണ്ട്. വിജയിച്ച സ്ഥാനാര്‍ഥികള്‍ റിട്ടേണിങ് ഓഫീസറുടെ അടുത്തുനിന്ന് സര്‍ട്ടിഫിക്കറ്റുവാങ്ങാന്‍ പോകുമ്പോള്‍ രണ്ടുപേര്‍ മാത്രമേ ഒപ്പം പോകാവൂ. അല്ലെങ്കില്‍ സ്ഥാനാര്‍ഥികളുടെ പ്രതിനിധികളായിരിക്കണം സര്‍ട്ടിഫിക്കറ്റു വാങ്ങേണ്ടതെന്നും കമ്മിഷന്‍ നിര്‍ദേശിച്ചു.
കേരളം, ബംഗാള്‍, അസം, തമിഴ്നാട് സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണപ്രദേശമായ പുതുച്ചേരിയിലുമാണ് മേയ് രണ്ടിന് വോട്ടെണ്ണുന്നത്. തിരഞ്ഞെടുപ്പ് പ്രചാരണത്തിന് കമ്മിഷന്‍ വന്‍ റാലികള്‍ അനുവദിച്ചതും കോവിഡ് പ്രോട്ടോക്കോള്‍ നിര്‍ബന്ധമാക്കാത്തതുമാണ് കോവിഡ് വ്യാപനത്തിന് ഇടയാക്കിയതെന്ന് കല്‍ക്കത്ത, മദ്രാസ് ഹൈക്കോടതികള്‍ വിമര്‍ശിച്ചിരുന്നു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..