
ഐ.സി.എം.ആർ. ആസ്ഥാനം. Photo - ANI
ന്യൂഡല്‍ഹി: അടുത്തവര്‍ഷങ്ങളില്‍ ഇന്ത്യന്‍ ആരോഗ്യരംഗം നേരിടേണ്ടിവരുന്ന ഏറ്റവും വലിയ ഭീഷണി അര്‍ബുദരോഗികളുടെ വര്ധനയാകുമെന്ന് ഐ.സി.എം.ആര്. റിപ്പോര്‍ട്ട്. നിലവില്‍ അര്‍ബുദബാധിതരുടെ എണ്ണം രണ്ടരക്കോടിയോളമാണ്. 2025-ഓടെ അത് 2.98 കോടിയിലെത്തും. പ്രതിവര്‍ഷം രോഗികളുടെ എണ്ണത്തില്‍ എട്ടുലക്ഷത്തിന്റെ വര്‍ധനയുണ്ടാകും.
അര്‍ബുദരോഗികളില്‍ കൂടുതല്‍ പുരുഷന്മാരാണ്. ശ്വാസകോശം (10.6 ശതമാനം), സ്തനം (10.5 ശതമാനം), അന്നനാളം (5.8 ശതമാനം), വായ (5.7 ശതമാനം), കരള്‍ (4.6 ശതമാനം), സെര്‍വിക്സ് യുട്ടേറിയ (4.3 ശതമാനം) എന്നീ അവയവങ്ങളിലാണ് രോഗം കൂടുതല്‍ കണ്ടെത്തുന്നത്.
രാജ്യത്തിന്റെ വടക്ക്, വടക്ക്-കിഴക്ക് ഭാഗങ്ങളിലാണ് കൂടുതലായി രോഗം റിപ്പോര്‍ട്ടുചെയ്യുന്നത്. 2021-ല്‍ വടക്കേ ഇന്ത്യയില്‍ ലക്ഷത്തില്‍ 2408 പേര്‍ക്കും വടക്ക്-കിഴക്ക് ഇന്ത്യയില്‍ 2177 പേര്‍ക്കും അര്‍ബുദം സ്ഥിരീകരിച്ചു.
രോഗികളില്‍ അധികവും മിസോറം, ഡല്‍ഹി, മേഘാലയ എന്നിവിടങ്ങളിലെ 65-69നും ഇടയില്‍ പ്രായമുള്ളവരിലാണ്.
ദേശീയ കുടുംബാരോഗ്യ സര്‍വേയുടെ ഒടുവിലത്തെ റിപ്പോര്‍ട്ട് പ്രകാരം കേരളത്തില്‍ അര്‍ബുദരോഗികള്‍ 3.5 ശതമാനമാണ്. തമിഴ്നാട് (10 ശതമാനം), ആന്ധ്രാപ്രദേശ് (ഏഴ് ശതമാനം), കര്‍ണാടകം (0.5 ശതമാനം) എന്നിങ്ങനെയാണ് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ അര്‍ബുദബാധിതര്‍. അര്ബുദപരിശോധനയ്ക്ക് വിധേയരാകുന്നതിലും രോഗം കണ്ടെത്തുന്നതിലും സ്ത്രീകളാണ് മുന്നില്‍ (3.5 ശതമാനം).
പുരുഷന്മാരില് 0.5 ശതമാനം മാത്രമാണ് പരിശോധനയ്ക്ക് വിധേയരാകുന്നത്.
മുതിര്‍ന്നവരില്‍ നാലിലൊരാള്‍ക്ക് രക്താതിസമ്മര്‍ദം
ഇന്ത്യയില്‍ മുതിര്‍ന്നവരില്‍ നാലിലൊരാള്‍ക്ക് രക്താതിസമ്മര്ദമുണ്ടെന്ന് ഐ.സി.എം.ആര്. റിപ്പോര്‍ട്ടിലുണ്ട്. 30-39 പ്രായക്കാരില്‍ എട്ടില്‍ ഒരു സ്ത്രീയ്ക്കും അഞ്ചില്‍ ഒരു പുരുഷനും രക്തസമ്മര്‍ദമുണ്ട്. പഞ്ചാബിലാണ് (47 ശതമാനം) ഏറ്റവും കൂടുതല്‍ രോഗികള്‍. കേരളമാണ് തൊട്ടുപിന്നില്‍ (31 ശതമാനം).
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..