പ്രതീകാത്മക ചിത്രം | ഫോട്ടോ: സാജൻ വി. നമ്പ്യാർ
ന്യൂഡല്‍ഹി: സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷ റദ്ദാക്കിയത് പോലെ സംസ്ഥാന ബോര്‍ഡുകള്‍ നടത്തുന്ന പ്ലസ് ടു പരീക്ഷകളും റദ്ദാക്കണമെന്ന ആവശ്യം നാളെ സുപ്രീം കോടതിയില്‍. സംസ്ഥാന ബോര്‍ഡുകളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികളോട് വിവേചനം പാടില്ലെന്നാവശ്യപ്പെട്ടാണ് ഹര്‍ജി.
സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹര്‍ജി നല്കിയ അഭിഭാഷക മമത ശര്‍മ്മയാണ് സംസ്ഥാന ബോര്‍ഡുകള്‍ നടത്തുന്ന പ്ലസ് ടു പരീക്ഷയും റദ്ദാക്കണമെന്ന് സുപ്രീം കോടതിയില്‍ ആവശ്യപ്പെടുന്നത്. നാളെ ജസ്റ്റിസ് എ എം ഖാന്‍വില്‍ക്കര്‍ അധ്യക്ഷനായ ബെഞ്ചിന് മുമ്പാകെ ഈ ആവശ്യം ഉന്നയിക്കും. സിബിഎസ്ഇ വിദ്യാര്‍ഥികള്‍ക്കും, സംസ്ഥാന ബോര്‍ഡിലെ വിദ്യാര്‍ത്ഥികള്‍ക്കും വ്യത്യസ്തത നയം പാടില്ല. അതിനാല്‍ സംസ്ഥാന ബോര്‍ഡുകള്‍ നടത്തിയ പരീക്ഷ റദ്ദാക്കാന്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് കോടതി നിര്‍ദേശം നല്‍കണമെന്ന് ആവശ്യപ്പെടുമെന്ന് മമത ശര്‍മ്മ അറിയിച്ചു.
കേരളം ഉള്‍പ്പടെ ചില സംസ്ഥാനങ്ങള്‍ പ്ലസ് ടു പരീക്ഷ നടത്തി. എന്നാല്‍ മറ്റ് പല സംസ്ഥാനങ്ങളും പരീക്ഷ നടത്തിയിട്ടില്ല. ഓരോ സംസ്ഥാനത്തിനും വ്യത്യസ്ത നിലപാട് പാടില്ലെന്നാണ് ഹര്‍ജിക്കാരുടെ വാദം. അതിനാല്‍ കോടതി ഇടപെട്ട് എല്ലാ പരീക്ഷകളും റദ്ദാക്കണമെന്ന് ആവശ്യപ്പെടും എന്നും മമത ശര്‍മ്മ അറിയിച്ചു.
ഇതിനിടെ റദ്ദാക്കിയ സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷകളുടെ മൂല്യനിര്‍ണ്ണയത്തിനുള്ള മാനദണ്ഡം ഒരാഴ്ചയ്ക്കുള്ളില്‍ പുറത്തിറക്കുമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. മൂല്യനിര്‍ണ്ണയത്തിന് രണ്ട് സാദ്ധ്യതകളാണ് പരിഗണിക്കുന്നത്. 9, 10, 11 ക്ളാസ്സുകളിലെ അവസാന പരീക്ഷയുടെ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ മൂല്യ നിര്‍ണ്ണയം നടത്തണമെന്നതാണ് ആദ്യ സാധ്യത. പന്ത്രണ്ടാം ക്ലാസിലെ ഇന്റെര്ണല് അസ്സസ്മെന്റ് ഫലത്തിന്റെയും പത്താം ക്ലാസിയിലെ അവസാന പരീക്ഷയുടെയും മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ മൂല്യ നിര്‍ണ്ണയം നടത്തണം എന്നതാണ് പരിഗണനയിലുള്ള രണ്ടാമത്തെ സാധ്യത. മാര്‍ക്കില്‍ തൃപ്തിയില്ലാത്തവര്‍ക്ക് പിന്നീട് പരീക്ഷ എഴുതാന്‍ അവസരം നല്‍കിയേക്കും.
Content Highlight: cancel Class 12 higher secondary Board examination
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..