ന്യൂഡല്‍ഹി: സിബിഎസ്ഇ പന്ത്രണ്ടാംതരം പരീക്ഷയും റദ്ദാക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി വദ്ര. ജൂണ്‍ വരെ വിദ്യാര്‍ഥികളെ സമ്മര്‍ദ്ദത്തിലാക്കുന്ന നിലവിലെ തീരുമാനം വിദ്യാര്‍ഥികളോട് ചെയ്യുന്ന അനീതിയാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. പത്താംതരം പരീക്ഷ റദ്ദാക്കിക്കൊണ്ടുളള പ്രഖ്യാപനം വന്നതിന്റെ പശ്ചാത്തലത്തിലാണ് പ്രിയങ്കയുടെ പ്രതികരണം. 

'പത്താതരം പരീക്ഷ റദ്ദാക്കാനുളള സര്‍ക്കാര്‍ തീരുമാനത്തില്‍ സന്തോഷമുണ്ട്, എന്നാല്‍ പന്ത്രണ്ടാം ക്ലാസുകാരുടെ കാര്യത്തിലും ഒരു അന്തിമ തീരുമാനം കൈക്കൊള്ളേണ്ടതുണ്ട്. ജൂണ്‍ വരെ വിദ്യാര്‍ഥികളെ അനാവശ്യമായി സമ്മര്‍ദത്തിലാക്കുന്നതില്‍ ഒരു അര്‍ഥവുമില്ല. അത് അനീതിയാണ്. സര്‍ക്കാരിനോട് ഇക്കാര്യത്തില്‍ തീരുമാനമെടുക്കാന്‍ ഞാന്‍ അഭ്യര്‍ഥിക്കുകയാണ്.' പ്രിയങ്കാ ഗാന്ധി ട്വീറ്റ് ചെയ്തു. 

സിബിഎസ്ഇ പരീക്ഷകള്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഞായറാഴ്ച വിദ്യാഭ്യാസ മന്ത്രിക്ക് പ്രിയങ്ക കത്ത് അയച്ചിരുന്നു. വിദ്യാര്‍ഥികളുടെയും പരീക്ഷകള്‍ക്ക് മേല്‍നോട്ടം വഹിക്കുന്ന അധ്യാപകരുടെയും വിദ്യാര്‍ഥികളുടെ വീട്ടുകാരുടെയും സുരക്ഷയെ ചൊല്ലിയാണ് അവര്‍ പരീക്ഷകള്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ടത്. വിവിധ രാജ്യങ്ങളില്‍ എഴുത്തുപരീക്ഷയ്ക്ക് പകരം ബദല്‍മാര്‍ഗങ്ങള്‍ സ്വീകരിച്ചിട്ടുണ്ടെന്നും ഇന്ത്യയും ആ രീതി പിന്തുടരണമെന്നും അവര്‍ ആവശ്യപ്പെട്ടിരുന്നു. രാഹുല്‍ ഗാന്ധിയും പരീക്ഷകള്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് രംഗത്തെത്തിയിരുന്നു. 

സിബിഎസ്ഇ പത്താതരം, പ്ലസ്ടു പരീക്ഷകള്‍ മെയ് നാല് മുതല്‍ നടത്താനായിരുന്നു നേരത്തേയെടുത്ത തീരുമാനം. എന്നാല്‍ രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ പരീക്ഷ നടത്തുന്നത് പരീക്ഷാകേന്ദ്രങ്ങള്‍ കോവിഡ് ക്ലസ്റ്ററുകളായി മാറുന്നതിലേക്ക് നയിച്ചേക്കാമെന്ന് ആശങ്ക ഉയര്‍ന്നിരുന്നു. നിലവിലെ സാഹചര്യത്തില്‍ പരീക്ഷ നടത്തുന്നത് കോവിഡ് കേസുകള്‍ വര്‍ധിക്കുന്നതിന് കാരണമാകുമെന്ന് ചൂണ്ടിക്കാട്ടി വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും രാഷ്ട്രീയനേതാക്കളും വിദ്യാര്‍ഥികളും രക്ഷിതാക്കളും രംഗത്തെത്തിയിരുന്നു. 

ഇതിന്റെ പശ്ചാത്തലത്തില്‍ ഇന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി വിളിച്ചുചേര്‍ത്ത യോഗത്തിലാണ് സിബിഎസ്ഇ പത്താംതരം പരീക്ഷ റദ്ദാക്കാന്‍ തീരുമാനിച്ചത്. പ്ലസ്ടു പരീക്ഷകള്‍ മാറ്റിവെക്കുകയാണെന്നും തീയതി ജൂണ്‍ ഒന്നിനുശേഷം തീരുമാനിക്കുമെന്നുമായിരുന്നു പ്രഖ്യാപനം. 

 

Content highlights:Cancel Class 12 CBSE exams, unfair to keep students under pressure till June: Priyanka Gandhi