ബെംഗളുരു : നൂറു രൂപ പിന്‍വലിക്കാന്‍ എത്തിയവര്‍ക്ക് കനറാ ബാങ്ക് എടിഎം മെഷീനില്‍ നിന്ന് ലഭിച്ചത് 500 രൂപ. കൊഡഗു ജില്ലയിലെ മടിക്കേരിയില്‍ ബുധനാഴ്ചയാണ് സംഭവം.

എടിഎം പണം കൈകാര്യം ചെയ്യുന്ന ഏജന്‍സിക്ക് പറ്റിയ പിഴവിനെ തുടര്‍ന്നാണ് ഉപയോക്താക്കള്‍ക്ക് എടിഎമ്മില്‍ നിന്ന് നൂറിന് പകരം അഞ്ഞൂറിന്റെ നോട്ടുകള്‍ കിട്ടിയത്. എടിഎം മെഷീനില്‍ നൂറുരൂപ നിറയ്‌ക്കേണ്ട ട്രേയില്‍ ഏജന്‍സി നിറച്ചത് 500 രൂപയായിരുന്നു. ഇതേ തുടര്‍ന്ന് ഏകദേശം 1.7 ലക്ഷം രൂപ എടിഎം മെഷീനില്‍ നിന്ന് പിന്‍വലിക്കപ്പെട്ടു.

നൂറിന് പകരം അഞ്ഞൂറുരൂപ കൈയില്‍ കിട്ടിയ ഉപയോക്താക്കളില്‍ ഒരാള്‍ ബാങ്കിനെ സമീപിച്ചപ്പോഴാണ് പിഴവ് ശ്രദ്ധയില്‍ പെട്ടത്. ഉടന്‍ തന്നെ ഏജന്‍സിയുമായി ബന്ധപ്പെട്ട ബാങ്ക് പണം തിരികെ വാങ്ങാനുള്ള നടപടികള്‍ ആരംഭിച്ചു.  

എടിഎമ്മില്‍ നിന്ന് പണം പിന്‍വലിച്ചവരെ ബാങ്ക് തിരിച്ചറിഞ്ഞിട്ടുണ്ട്. എന്നാല്‍ 65,000 രൂപ വീതം എടിഎമ്മില്‍ നിന്ന് പിന്‍വലിച്ച രണ്ടുപേര്‍ പണം തിരികെ നല്‍കാന്‍ വിസമ്മതിച്ചു. ബാങ്കിന് പറ്റിയ തെറ്റാണ് ഇതെന്നും അതുകൊണ്ട് തങ്ങള്‍ പണം മടക്കി നല്‍കില്ലെന്നുമാണ് ഇവര്‍ ആദ്യം പറഞ്ഞത്. ഇതോടെ എടിഎമ്മില്‍ പണം നിറയ്ക്കുന്ന ഏജന്‍സി പോലീസിന്റെ സഹായം തേടി. പോലീസ് ഇടപെട്ടതിനെ തുടര്‍ന്ന് പിന്നീട് ഇവര്‍ പണം മടക്കി നല്‍കുകയും ചെയ്തു. 

Content Highlights: Canara Bank serves 500 rupees instead of 100