ന്യൂഡല്‍ഹി: ഇന്ധനവില വര്‍ധനയില്‍ പ്രതിപക്ഷത്തിനുനേരെ പരിഹാസവുമായി കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി. രാജ്യാന്തര തലത്തില്‍ ക്രൂഡ് ഓയിലിന്റെ വില നിയന്ത്രിക്കാന്‍ പ്രതിപക്ഷ നേതാക്കളുടെ ട്വീറ്റുകള്‍ കൊണ്ടോ ടെലിവിഷന്‍ ബൈറ്റുകള്‍ കൊണ്ടോ കഴിയില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ പരിഹാസം.

കേന്ദ്രത്തിന്റെ ഇന്ധനനികുതി ഒരേരീതിയില്‍ തുടരുകയാണ്. എന്നാല്‍ സംസ്ഥാനങ്ങള്‍ വാറ്റ് നികുതിയില്‍ മാറ്റം വരുത്തുകയാണ്. ഇന്ധനവിലയില്‍ ഉണ്ടാകുന്ന വര്‍ധനയില്‍ കേന്ദ്രത്തെക്കാള്‍ നേട്ടം ഉണ്ടാക്കുന്നത് സംസ്ഥാനങ്ങളാണ്. ചില ബിജെപി ഇതര പാര്‍ട്ടികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളാണ് ഈ നികുതിയില്‍ കുറവ് വരുത്താന്‍ തയ്യാറാകാത്തത്.

രാഹുല്‍ ഗാന്ധിയും അദ്ദേഹത്തിന്റെ കൂട്ടാളികളും സാധാരണക്കാരുടെ ഇന്ധനവിലവര്‍ധന മൂലമുണ്ടാകുന്ന പ്രശ്നങ്ങള്‍ ട്വീറ്റുകളിലൂടെ പരിഹരിക്കാനാണ് ശ്രമിക്കുന്നത്. ജനങ്ങളോട് അല്‍പ്പംകൂടി സത്യസന്ധത കാട്ടാന്‍ ഈ സംസ്ഥാന സര്‍ക്കാരുകള്‍ തയ്യാറാവണം.

2017ലും 2018 ലും സാധാരണക്കാരന് ഇന്ധനവിലയില്‍ ആശ്വാസം നല്‍കാനായി തങ്ങളുടെ ഉയര്‍ന്ന വരുമാനത്തില്‍ കുറവ് വരുത്താന്‍ സംസ്ഥാനങ്ങള്‍ തയ്യാറായില്ലെന്ന് യാഥാര്‍ത്ഥ്യം ജനങ്ങളോട് തുറന്ന് പറയണമെന്നും ജെറ്റ്ലി ആവശ്യപ്പെട്ടു. കേന്ദ്രം നികുതി കുറച്ചതിനെ തുടര്‍ന്ന് വ്യാഴാഴ്ച ഇന്ധനവില 2.50 രൂപ കുറഞ്ഞിരുന്നു. തുടര്‍ന്ന് ഇതേ മാതൃകയില്‍ വാറ്റില്‍ കുറവ് വരുത്താന്‍ കേന്ദ്രം സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടിരുന്നു.

Content Highlights: Can't Solve Oil Price Rise With Tweets, Arun Jaitley