കുത്തബ് മിനാർ | File Photo - ANI
ന്യൂഡല്‍ഹി: കുത്തബ് മിനാര്‍ സംരക്ഷിതസ്മാരകത്തിനുള്ളില് ക്ഷേത്രം പുനര്നിര്മിക്കാനാകില്ലെന്ന് പുരാവസ്തുവകുപ്പ് (എ.എസ്.ഐ.) ഡല്‍ഹി സാകേത് ജില്ലാ കോടതിയെ അറിയിച്ചു. കുത്തബ് മിനാര്‍ സമുച്ചയത്തില്‍ ഹിന്ദു, ജൈനമത വിഗ്രഹങ്ങള്‍ പുനഃസ്ഥാപിച്ച് ആരാധന നടത്തുന്നതിന് അനുമതിയാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജിയിലാണ് മറുപടി.
സംരക്ഷിത പദവി ലഭിക്കുന്ന കാലത്ത് ആരാധനയില്ലാതിരുന്ന സ്മാരകങ്ങളില്‍ പിന്നീട് അത് അനുവദിക്കാനാകില്ലെന്ന് പുരാവസ്തുവകുപ്പ് വ്യക്തമാക്കി. 1914-ലാണ് കുത്തബ് മിനാറിന് സംരക്ഷിതപദവി നല്‍കിയത്. സ്മാരകസമുച്ചയത്തില് ഒട്ടേറെ ശില്പങ്ങളുണ്ടെന്നത് വസ്തുതയാണ്. എന്നാല്‍, 1904-ലെ പുരാവസ്തുസംരക്ഷണ നിയമപ്രകാരം സമുച്ചയത്തിനുള്ളിലെ ശില്പങ്ങള് അതേപടി സംരക്ഷിക്കാനുള്ള ഉത്തരവാദിത്വം വകുപ്പിനുമാത്രമാണ്.
സംരക്ഷിതസ്മാരകങ്ങളില് ആരാധന ആരംഭിക്കാന്പാടില്ലെന്ന് 1958-ലെ നിയമത്തിലുണ്ട്. കുത്തബ് മിനാറിലെ തത്സ്ഥിതിയില് മാറ്റംവരുത്താന്‍ അനുവദിക്കില്ലെന്നും വകുപ്പ് വ്യക്തമാക്കി. എണ്ണൂറുവര്ഷങ്ങള്ക്കുമുമ്പ് ആരാധനയുണ്ടായിരുന്ന സ്ഥലമാണ് കുത്തബ് മിനാറെന്ന് ഹര്‍ജിക്കാരന്റെ അഭിഭാഷകന് വാദിച്ചു. അതിനു തെളിവാണ് സമുച്ചയത്തിലെ ശില്പങ്ങള്. ശില്പങ്ങളുണ്ടെങ്കില് ആരാധനയ്ക്കും അവകാശമുണ്ടെന്നും അയോധ്യ കേസിലെ വിധി പ്രതിപാദിച്ച് അഭിഭാഷകന് അറിയിച്ചു.
എന്നാല്‍, ഭൂതകാലത്തെ തെറ്റുകള്‍ വര്‍ത്തമാനകാലത്തെ സമാധാനം തകര്‍ക്കുന്നതിന് കാരണമാകരുതെന്ന് ഹര്‍ജി പരിഗണിച്ച അഡീഷണല്‍ ജില്ലാ ജഡ്ജി നിഖില്‍ ചോപ്ര നിരീക്ഷിച്ചു. അത് അനുവദിച്ചാല്‍ ഭരണഘടനയുടെ മതനിരപേക്ഷ സ്വഭാവം തകരും. എണ്ണൂറുവര്ഷംമുമ്പുള്ള അവകാശം എങ്ങനെ തെളിയിക്കുമെന്ന് കോടതി ആരാഞ്ഞു. എണ്ണൂറുവര്‍ഷം ആരാധനയില്ലാതെ ദൈവം തുടര്ന്നില്ലേയെന്നും തത്സ്ഥിതി തുടരട്ടെയെന്നും കോടതി വാക്കാല്‍ നിരീക്ഷിച്ചു. വാദം പൂര്‍ത്തിയാക്കി ഹര്‍ജി ജൂണ്‍ ഒന്‍പതിന് വിധിപറയാന്‍ മാറ്റി.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..