ന്യൂഡൽഹി: ശ്രീകൃഷ്ണന്റെ പേരില്‍ മൂവായിരത്തോളം മരങ്ങള്‍ ഉത്തര്‍പ്രദേശ് സര്‍ക്കാരിന് വെട്ടിമാറ്റാന്‍ കഴിയില്ലെന്ന് സുപ്രീംകോടതി നിരീക്ഷിച്ചു. മുറിച്ചതിനേക്കാള്‍ കൂടുതല്‍ മരങ്ങള്‍ നട്ടുപിടിപ്പിക്കുമെന്ന് സംസ്ഥാനം അറിയിച്ചെങ്കിലും 100 വര്‍ഷം പഴക്കമുള്ള മരങ്ങൾ വെട്ടിമാറ്റുന്നതിനു തുല്യമല്ല പുതിയ തൈ നടുന്നതെന്ന് കോടതി ചൂണ്ടിക്കാട്ടി.
മഥുര ജില്ലയിലെ ശ്രീകൃഷ്ണ ക്ഷേത്രത്തിലേക്കുള്ള 25 കിലോമീറ്റര്‍ പരിധിയിലെ റോഡുകള്‍ വീതികൂട്ടാന്‍ 2,940 മരങ്ങള്‍ വെട്ടിമാറ്റാന്‍ അനുമതി തേടിയ ഹർജി പരിഗണിക്കുകയായിരുന്നു കോടതി. ഇതിന് 138.41 കോടി രൂപ നഷ്ടപരിഹാരം നല്‍കുമെന്നും സര്‍ക്കാര്‍ അറിയിച്ചിരുന്നു.
ശ്രീകൃഷ്ണന്റെ പേരില്‍ നിങ്ങള്‍ക്ക് ആയിരക്കണക്കിന് മരങ്ങള്‍ വെട്ടിമാറ്റാന്‍ കഴിയില്ലെന്നാണ് യുപി സര്‍ക്കാര്‍ പൊതുമരാമത്ത് വകുപ്പിന്റെ അഭിഭാഷകനോട് ചീഫ് ജസ്റ്റിസ് എസ് എ ബോബ്‌ഡെ പറഞ്ഞത്. മരങ്ങള്‍ ഓക്‌സിജന്‍ നല്‍കുന്നുവെന്നും അവയെ മൂല്യങ്ങളുടെ അടിസ്ഥാനത്തില്‍ മാത്രം വിലയിരുത്താനാകില്ലെന്നും ചീഫ് ജസ്റ്റിസ് എസ്.എ ബോബ്‌ഡെ, ജസ്റ്റിസുമാരായ എ.എസ്. ബൊപ്പണ്ണ, വി. രാമസുബ്രഹ്‌മണ്യല്‍ എന്നിവരങ്ങിയ ബഞ്ച് നിരീക്ഷിച്ചു.
വാഹനങ്ങളുടെ വേഗം ഉറപ്പാക്കാന്‍ മരങ്ങള്‍ മുറിച്ചുമാറ്റേണ്ടതുണ്ടെന്ന സംസ്ഥാനത്തിന്റെ വാദവും കോടതി തള്ളി. സംസ്ഥാനത്തിന്റെ ഭാഗത്തുനിന്ന് കൃത്യമായ റിപ്പോര്‍ട്ട് വേണമെന്ന് മുന്നറിയിപ്പ് നല്‍കിയ കോടതി വിഷയത്തില്‍ മറ്റൊരു വിലയിരുത്തല്‍ നടത്താന്‍ ഉത്തര്‍പ്രദേശ് സര്‍ക്കാരിന് നാല് ആഴ്ചയും സമയവും നല്‍കി.
Content Highlights: "Can't Fell Thousands Of Trees For Krishna": Supreme Court To UP Government