ന്യൂഡല്‍ഹി: പൗരത്വ നിയമ ഭേദഗതിക്കെതിരെ ഡല്‍ഹിയിലെ ഷഹീന്‍ബാഗില്‍ നടക്കുന്ന സമരം നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജിയില്‍ സുപ്രീം കോടതി കേന്ദ്ര സര്‍ക്കാരിനും ഡല്‍ഹി പോലീസിനും നോട്ടീസയച്ചു. പൊതുറോഡില്‍ അനിശ്ചിതമായി  തടസ്സം സൃഷ്ടിക്കാനാവില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. 

ഹര്‍ജി വീണ്ടും 17-ന് പരിഗണിക്കും. അത് വരെ ഇടക്കാല ഉത്തരവ് ഇടുന്നില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി. ജസ്റ്റിസുമാരായ എസ്.കെ.കൗള്‍, കെ.എം.ജോസഫ് എന്നിവരുടെ ബെഞ്ചാണ് കേസ് പരിഗണിച്ചത്.

പ്രതിഷേധം തുടരാം. എന്നാല്‍ അത് പ്രതിഷേധത്തിനായി നിയോഗിക്കപ്പെട്ട സ്ഥലത്തായിരിക്കണം. പൊതുറോഡ് അനിശ്ചിതമായി തടയാനാവില്ലെന്നും ജസ്റ്റിസ് കെ.എസ്.കൗള്‍ വാക്കാല്‍ അറിയിച്ചു.

'ഒരു പൊതുപ്രദേശത്ത് അനിശ്ചിതകാല പ്രതിഷേധം നടത്താന്‍ കഴിയില്ല. എല്ലാവരും എല്ലായിടത്തും പ്രതിഷേധിക്കാന്‍ തുടങ്ങിയാല്‍ എന്ത് സംഭവിക്കും? നിരവധി ദിവസങ്ങളായി പ്രതിഷേധം നടക്കുന്നുണ്ട്. എന്നാല്‍ പൊതുജനങ്ങള്‍ക്ക് അസൗകര്യമുണ്ടാക്കാന്‍ പാടില്ല.' ജസ്റ്റിസ് കെ.എസ്.കൗള്‍ പറഞ്ഞു.

ഇക്കാര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ഫെബ്രുവരി 17-നകം മറുപടി നല്‍കണമെന്നും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.

Content Highlights: Can't Block Public Road Indefinitely: Top Court On Shaheen Bagh Protest