ന്യൂഡല്‍ഹി: ഗംഗാജലം കോവിഡ് ചികിത്സയ്ക്ക് ഉപയോഗിക്കുന്നത് സംബന്ധിച്ച് പഠനം നടത്തണമെന്ന കേന്ദ്ര സര്‍ക്കാര്‍ ആവശ്യം ഐ.സി.എം.ആര്‍ തള്ളിയതായി റിപ്പോര്‍ട്ടുകള്‍. മെഡിക്കല്‍ റിസേര്‍ച്ച് കൗണ്‍സില്‍ വക്താവിനെ ഉദ്ധരിച്ച് ദി പ്രിന്റ് ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 

അതുല്യഗംഗ എന്ന സംഘടനയാണ് ഗംഗാജലത്തിന്റെ സവിശേഷതകളുയര്‍ത്തി കോവിഡ് ചികിത്സയ്ക്ക് ഗംഗാജലം ഉപയോഗിക്കണമെന്ന ആവശ്യവുമായി മുന്നോട്ടുവന്നത്. ഇത് സംബന്ധിച്ച് കൂടുതല്‍ പഠനം നടത്തണമെന്നാവശ്യപ്പെട്ട് ഇവര്‍ കേന്ദ്ര ജലവകുപ്പിനേയും പ്രധാനമന്ത്രിയുടെ ഓഫീസിനേയും സമീപിച്ചിരുന്നു. ഇതുപ്രകാരം ഏപ്രില്‍ 30-നാണ് നാഷണല്‍ മിഷന്‍ ഫോര്‍ ക്ലീന്‍ ഗംഗ, നമാമി ഗംഗം പ്രോഗ്രാം അധികൃതര്‍ എന്നിവര്‍ ഈ ആവശ്യം പരിഗണിക്കണമെന്നാവശ്യപ്പെട്ട് ഐ.സി.എം.ആറിന് കത്തെഴുതിയത്.  

ഗംഗയിലെ വെള്ളത്തില്‍ ഹാനികരമായ ബാക്ടീരിയകളെ നശിപ്പിക്കുന്ന ബാക്ടീരിയോഫേജ് എന്ന വൈറസ് ഉണ്ടെന്നും ഐ.ഐ.ടി റൂര്‍ക്കി, ഐ.ഐ.ടി കാണ്‍പൂര്‍, സിഎസ്ഐആര്‍, ഐ.ഐ.ടി.ആര്‍ തുടങ്ങിയ സ്ഥാപനങ്ങളില്‍ ഇക്കാര്യം സ്ഥിരീകരിച്ചുവെന്നും അതുല്യഗംഗ അവകാശപ്പെട്ടു. കൂടുതല്‍ പഠനം നടത്തണമെന്നാണ് അതുല്യഗംഗയുടെ ആവശ്യം. 

ഐസിഎംആറും ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. ജലമന്ത്രാലയത്തില്‍ നിന്നും ഇത്തരമൊരു ആവശ്യം മുന്നോട്ടുവെച്ചിരുന്നു. വിഷയത്തില്‍ ഞങ്ങള്‍ ചര്‍ച്ച നടത്തി. ഈ പഠനം നടത്താന്‍ തയ്യാറാവുന്ന ആശുപത്രികളെക്കുറിച്ചും ഡോക്ടര്‍മാരെക്കുറിച്ചും പറഞ്ഞുതരണമെന്നും, അവര്‍ തയ്യാറായാല്‍ ഐ.സി.എം.ആര്‍ തീര്‍ച്ചയായും സഹായിക്കുമെന്ന് അവരെ അറിയിച്ചതായി ഐ.സി.എം.ആര്‍ വക്താവ് പ്രതികരിച്ചു. 

കോവിഡിനുള്ള ചികിത്സയ്ക്ക് പ്ലാസ്മ തെറാപ്പി പോലും പരീക്ഷണാടിസ്ഥാനത്തിലാണ് ഇപ്പോള്‍ പരിഗണിക്കുന്നത്. ഇതിന്റെ ഇടയില്‍ മറ്റൊരു വൈറസിനെ എങ്ങനെ കോവിഡ് വൈറസിനെതിരെ ചികിത്സിക്കാന്‍ ഉപയോഗിക്കാന്‍ സാധിക്കും? അതില്‍ യുക്തിയില്ല. ഇപ്പോള്‍ ഞങ്ങള്‍ കോവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധയൂന്നിയിരിക്കുകയാണ്. ഇതിനിടയ്ക്ക് ഇത്തരം കാര്യങ്ങളില്‍ പഠനം നടത്തി സമയം കളയാനില്ലെന്നും ഐസിഎംആര്‍ വക്താവ് പറഞ്ഞു. 

Content Highlights; Can Gangajal treat Covid-19? Modi govt wants a study, ICMR says no