അസനോള്‍: ഭിന്നശേഷിക്കാരുടെ പരിപാടിയില്‍ പങ്കെടുക്കവേ 'കാലു തല്ലിയൊടിക്കു'മെന്ന ഭീഷണി മുഴക്കി പുലിവാലു പിടിച്ച് കേന്ദ്ര മന്ത്രി ബാബുല്‍ സുപ്രിയോ. പശ്ചിമബംഗാളിലെ അസനോളില്‍ ചൊവ്വാഴ്ചയാണ് വിവാദത്തിനിടയാക്കിയ സംഭവം നടന്നത്.

'സാമാജിക് അധികാരിത ശിബിര്‍' എന്ന പരിപാടിയില്‍ ക്ഷണിതാവായി എത്തിയതായിരുന്നു മന്ത്രി ബാബുല്‍ സുപ്രിയോ. ഭിന്നശേഷിക്കാര്‍ക്കായി വീല്‍ചെയറുകളും മറ്റു ഉപകരണങ്ങളും വിതരണം ചെയ്യുന്നതായിരുന്നു പരിപാടി. പരിപാടിയില്‍ പ്രസംഗിക്കുന്നതിനിടയിലാണ് മന്ത്രി പെട്ടെന്ന് പ്രകോപിതനാകുകയും സദസ്സിലുണ്ടായിരുന്ന ഒരാള്‍ക്കു നേരെ രോഷം പ്രകടിപ്പിക്കുകയും ചെയ്തത്.

മന്ത്രിയുടെ പ്രസംഗം നടക്കുന്നതിനിടെ സദസ്സിലുണ്ടായിരുന്ന ഒരാള്‍ എഴുന്നേറ്റു നടന്നതാണ് മന്ത്രിയെ ചൊടിപ്പിച്ചത്. ഇതു കണ്ട് മന്ത്രി അയാളോട് മൈക്കിലൂടെ ദേഷ്യപ്പെടുകയായിരുന്നു. 

'നിങ്ങള്‍ക്കെന്താണ് പറ്റിയത്? എന്തെങ്കിലും പ്രശ്‌നമുണ്ടോ? ഇനി നിങ്ങള്‍ അവിടെനിന്ന് അനങ്ങിയാല്‍ കാല് ഞാന്‍ തല്ലിയൊടിക്കും. എന്നിട്ട് ഒരു ഊന്നിവടിയും തരും'- മന്ത്രി പറഞ്ഞു. ഇനി അയാള്‍ അവിടെനിന്ന് അനങ്ങിയാല്‍ കാലു തല്ലിയൊടിക്കാനും എന്നിട്ടൊരു ഊന്നുവടി നല്‍കാനും തന്റെ സുരക്ഷാ ജീവനക്കാരോട് മന്ത്രി നിര്‍ദേശിക്കുകയും ചെയ്തു. 

ഔചിത്യമില്ലാത്ത പ്രസ്താവനകളുടെ പേരില്‍ മുന്‍പും ബാബുല്‍ സുപ്രിയോ വിവാദങ്ങളുണ്ടാക്കിയിട്ടുണ്ട്. കഴിഞ്ഞ മാര്‍ച്ചില്‍ അസനോളില്‍ സാമുദായിക സംഘര്‍ഷം നടന്ന സ്ഥലങ്ങള്‍ സന്ദര്‍ശിക്കവേ മന്ത്രി ജനക്കൂട്ടത്തോട് ക്ഷോഭിച്ചിരുന്നു. ബഹളമുണ്ടാക്കിയാല്‍ 'ജീവനോടെ തോലുരിക്കും' എന്നായിരുന്നു അന്ന് മന്ത്രി ആക്രോശിച്ചത്.

അസനോളില്‍നിന്നുള്ള ബിജെപി എംപിയായ സുപ്രിയോ പിന്നണി ഗായകനുമാണ്. നിലവില്‍ കേന്ദ്ര സഹമന്ത്രിയാണ് ബാബുല്‍ സുപ്രിയോ. നരേന്ദ്ര മോദി മന്ത്രിസഭയിലെ ഏറ്റവും പ്രായംകുറഞ്ഞ മന്ത്രിയുമാണ് അദ്ദേഹം.

Content Highlights: Babul Supriyo, Differently Abled, BJP, West Bengal