ഗുവാഹത്തി: അസമില്‍ പോലീസ് വെടിവെപ്പില്‍ കൊല്ലപ്പെട്ട ആളുടെ ശരീരത്തില്‍ ചവിട്ടിയ ഫോട്ടോഗ്രാഫര്‍ അറസ്റ്റില്‍. ദാരംഗില്‍ കുടിയേറ്റമൊഴിപ്പിക്കലിനിടെ പോലീസും നാട്ടുകാരും തമ്മിലുണ്ടായ സംഘര്‍ഷത്തിനിടെയാണ് സംഭവം. പ്രതിഷേധക്കാരിലൊരാളെ പോലീസ് വെടിവെച്ചിടുന്നതും വീണു കിടക്കുന്ന ആളുടെ ശരീരത്തില്‍ ഫോട്ടോഗ്രാഫറായ ഇയാള്‍ ചവിട്ടുന്നതിന്റെയും മര്‍ദിക്കുന്നതിന്റെയും വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു.

ബിജോയ് ബോണിയ എന്ന ഫോട്ടോഗ്രാഫറാണ് അറസ്റ്റിലായതെന്ന് അസം ഡിജിപി ഭാസ്‌കര്‍ ജ്യോതി മഹന്ദ ട്വീറ്റില്‍ വ്യക്തമാക്കി. ഇയാള്‍ ഇപ്പോള്‍ അസം സിഐഡിയുടെ കസ്റ്റഡിയിലാണുള്ളതെന്നും ഡിജിപി വ്യക്തമാക്കി.

പോലീസും പ്രതിഷേധക്കാരും തമ്മിലുണ്ടായ സംഘര്‍ഷത്തിന്റെ ദൃശ്യങ്ങള്‍ പുറത്ത് വന്നിരുന്നു. വെടിയേറ്റ് വീണ ഒരു പ്രതിഷേധക്കാരനെ മുഖംമൂടി ധരിച്ച ഒരു ഫോട്ടോഗ്രാഫര്‍ നിലത്തിട്ട് ചവിട്ടുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്. പോലിസിനൊപ്പം നിന്നാണ് ഇയാള്‍ പ്രതിഷേധക്കാര്‍ക്കു നേരെ അതിക്രമം കാണിച്ചത്.

കാലങ്ങളായി താമസിക്കുന്ന സ്ഥലത്തുനിന്ന് 800 കുടുംബങ്ങളെ സര്‍ക്കാര്‍ കുടിയൊഴിപ്പിച്ചിരുന്നു. പുനരധിവസിപ്പിക്കണമെന്നാവശ്യപ്പെട്ടാണ് പ്രതിഷേധം നടന്നത്. ഇതിനിടയിലാണ് പോലീസും നാട്ടുകാരും തമ്മില്‍ സംഘര്‍ഷമുണ്ടാവുകയും വെടിവെപ്പിലേക്ക് നീങ്ങുകയും ചെയ്തത്. സര്‍ക്കാരിന്റെ ഒരു കാര്‍ഷിക പദ്ധതിക്കായി 2800 ഏക്കറോളം സ്ഥലമാണ് ഒഴിപ്പിക്കാന്‍ തീരുമാനിച്ചിരുന്നത്. അനധികൃത കുടിയേറ്റം ഒഴിപ്പിക്കാനാണ് ശ്രമിച്ചതെന്നും എന്നാല്‍ പ്രതിഷേധക്കാര്‍ ആക്രമണത്തിലേക്ക് തിരിയുകയായിരുന്നുവെന്നുമാണ് പോലീസ് വാദം.

Content Highlights: Cameraman seen stomping on body of protester after Assam police firing arrested