മുംബൈ: മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപവത്കരണത്തില്‍ അനിശ്ചിതത്വം തുടരുന്നതിനിടെ നിലപാടില്‍ മാറ്റമില്ലെന്ന് വ്യക്തമാക്കി ശിവസേനാ അധ്യക്ഷന്‍ ഉദ്ധവ് താക്കറെ. രണ്ടര വര്‍ഷത്തേയ്ക്ക് മുഖ്യമന്ത്രിപദം നല്‍കാന്‍ തയ്യാറാണെങ്കില്‍ മാത്രം ബിജെപി തങ്ങളെ ചര്‍ച്ചയ്ക്ക് വിളിച്ചാല്‍ മതിയെന്ന് അദ്ദേഹം പറഞ്ഞു. ശിവസേനാ എംഎല്‍എമാരുടെ യോഗത്തില്‍ സംസാരിക്കവെയാണ് അദ്ദേഹം നിലപാട് ആവര്‍ത്തിച്ചത്.

ബിജെപിയുമായുള്ള സഖ്യം വിടാന്‍ ശിവസേനയ്ക്ക് ഉദ്ദേശ്യമില്ല. ചര്‍ച്ചകള്‍ നടത്താന്‍ തയ്യാറാണ്. എന്നാല്‍ ലോക്‌സഭാ തിരഞ്ഞെടുപ്പ് സമയത്ത് ഉണ്ടാക്കിയ ധാരണ അനുസരിച്ച്, രണ്ടര വര്‍ഷത്തേയ്ക്ക് മുഖ്യമന്ത്രി സ്ഥാനം ശിവസേനയ്ക്ക് നല്‍കാന്‍ ബിജെപി തയ്യാറാകണം. അങ്ങനെയാണെങ്കില്‍ ചര്‍ച്ചകള്‍ക്കായി ബിജെപി നേതാക്കള്‍ക്ക് തന്നെ വിളിക്കാം. അല്ലെങ്കില്‍ വിളിക്കേണ്ടതില്ല- ഉദ്ധവ് താക്കറെ പറഞ്ഞു.

ആത്മാഭിമാനമുള്ള പാര്‍ട്ടിയാണ് ശിവസേന. ഒറ്റയ്ക്ക് അധികാരം കൈക്കലാക്കണമെന്ന് തങ്ങള്‍ക്ക് ആഗ്രഹമില്ല. തിരഞ്ഞെടുപ്പിലുണ്ടാക്കിയിരുന്ന ധാരണ പ്രകാരം വാക്കു പാലിക്കാന്‍ ബിജെപി തയ്യാറാകുന്നില്ലെങ്കില്‍ ചര്‍ച്ചകള്‍ക്കൊണ്ട് പ്രയോജനമില്ല, ഉദ്ധവ് താക്കറെ യോഗത്തില്‍ പറഞ്ഞു.

ഇതിനിടെ എം.എല്‍.എമാരെ ശിവസേന റിസോര്‍ട്ടിലേക്ക് മാറ്റുന്നതായും റിപ്പോര്‍ട്ട് പുറത്തുവന്നിട്ടുണ്ട്. ഉദ്ധവ് താക്കറേയുടെ വീടായ മാതോശ്രീയില്‍ നടന്ന നിയമസഭാകക്ഷിയോഗത്തിനു ശേഷമാണ് ശിവസേന എം.എല്‍.എമാരെ മുംബൈയിലെ റിസോര്‍ട്ടിലേക്ക് മാറ്റുന്നത്. രണ്ടുദിവസം റിസോര്‍ട്ടില്‍ കഴിയാന്‍ എം.എല്‍.എമാര്‍ക്ക് ഉദ്ധവ് താക്കറേ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ഇരുപതോളം ശിവസേനാ എം.എല്‍.എമാര്‍ ബി.ജെ.പിയുമായി ചര്‍ച്ച നടത്തിയെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തെത്തിയിരുന്നു. നിരവധി ശിവസേനാ എം.എല്‍.എമാര്‍ ദേവന്ദ്ര ഫഡ്നാവിസുമായി അടുപ്പം പുലര്‍ത്തുന്നുണ്ടെന്ന് ബി.ജെ.പി. അവകാശവാദം ഉന്നയിക്കുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് എം.എല്‍.എമാരോട് റിസോര്‍ട്ടിലേക്ക് മാറാന്‍ ശിവസേനാ അധ്യക്ഷന്‍ നിര്‍ദേശം നല്‍കിയത്. സര്‍ക്കാര്‍ രൂപവത്കരണത്തിന് ഒരുദിവസം മാത്രം ശേഷിക്കെയാണ് ശിവസേനയുടെ നീക്കം.

Content Highlights: Call me if ready to give CM’s post, otherwise don’t- Uddhav to BJP