കൽക്കത്ത ഹൈക്കോടതി | Photo : ANI
കൊല്‍ക്കത്ത: നാരദ അഴിമതി കേസ് പരിഗണിക്കുന്ന വിഷയത്തില്‍ സഹപ്രവര്‍ത്തകരായ ജഡ്ജിമാരുടെ ഭാഗത്ത് നിന്ന് 'അനുചിതമായ പെരുമാറ്റം' ഉണ്ടായതായി കല്‍ക്കട്ട ഹൈക്കോടതി ജഡ്ജിയുടെ വിമര്‍ശനം. ജസ്റ്റിസ് അരിന്ദം സിന്‍ഹയാണ് മുതിര്‍ന്ന ജഡ്ജിമാര്‍ക്കെഴുതിയ കത്തില്‍ ഇക്കാര്യം സൂചിപ്പിച്ചത്. ന്യായാധിപ സമൂഹം ഒന്നടങ്കം അപഹാസത്തിലേക്ക് തരംതാഴ്ത്തപ്പെട്ടതായും ജസ്റ്റിസ് കത്തില്‍ സൂചിപ്പിച്ചു.
നാരദ കേസ് സംസ്ഥാനത്തിന് പുറത്തേക്ക് മാറ്റണമെന്ന സിബിഐയുടെ ഹര്‍ജി കല്‍ക്കട്ട ഹൈക്കോടതി തെറ്റായി റിട്ട് ഹര്‍ജി പട്ടികയില്‍ പെടുത്തിയതിനാലാണ് സിംഗിള്‍ ജഡ്ജ് ബെഞ്ചില്‍ നിന്നും ഡിവിഷന് ബെഞ്ചിന്റെ പരിഗണനയിലേക്ക് കേസ് മാറിയതെന്നും ജസ്റ്റിസ് സിന്‍ഹ കുറ്റപ്പെടുത്തി. ഹൈക്കോടതി ഏകീകൃതമായാണ് പ്രവര്‍ത്തിക്കേണ്ടതെന്നും ജഡ്ജിമാരുടെ പെരുമാറ്റം ഹൈക്കോടതി അനുശാസിക്കുന്നതുമായി പൊരുത്തപ്പെടാത്തതാണെന്നും കല്‍ക്കട്ട ഹൈക്കോടതി ചീഫ് ജസ്റ്റിസ് രാജേഷ് ബിന്ദാലുള്പ്പെടെയുള്ള ജഡ്ജിമാര്‍ക്കുള്ള കത്തില്‍ ജസ്റ്റിസ് സിന്‍ഹ സൂചിപ്പിച്ചു.
രണ്ട് സംസ്ഥാനമന്ത്രിമാരുള്പ്പെടെ നാല് തൃണമുല്‍ നേതാക്കളുടെ അറസ്റ്റിനെ തുടര്‍ന്നാണ് സിബിഐ കേസ് സംസ്ഥാനത്തിന് പുറത്തേക്ക് മാറ്റണമെന്നാവശ്യപ്പെട്ട് ഹര്‍ജി സമര്‍പ്പിച്ചത്. ജസ്റ്റിസ് ബിന്ദാലിന്റെ അധ്യക്ഷതയിലുള്ള ബെഞ്ച് അതനുവദിക്കുകയും ചെയ്തു. മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ സിബിഐ ഓഫീസിലെ കുത്തിയിരിപ്പ് സത്യാഗ്രഹത്തെ തുടര്‍ന്നാണ് കേസ് മാറ്റണമെന്നാവശ്യപ്പെട്ട് സിബിഐ കോടതിയെ സമീപിച്ചത്. പ്രതികളെ കോടതിയില്‍ ഹാജരാക്കുന്ന ദിവസം സംസ്ഥാന നിയമമന്ത്രി ജനക്കൂട്ടവുമായി കോടതിയിലെത്തിയതും സിബിഐ കോടതിയെ ധരിപ്പിച്ചിരുന്നു.
സിബിഐയുടെ ഹര്‍ജി റിട്ട് ഹര്‍ജിയായി പരിഗണിക്കാനുള്ള ഭരണഘടനാപരമായ വസ്തുതകള്‍ നിലവിലില്ലെന്ന് ജസ്റ്റിസ് സിന്‍ഹ ചൂണ്ടിക്കാട്ടി. കോടതിയില്‍ ജനക്കൂട്ടമെത്തിയത് മുഖവിലയ്ക്കെടുക്കാമെങ്കിലും റിട്ട് ഹര്‍ജിയായി പരിഗണിക്കപ്പെട്ടതാണ് പ്രധാന പ്രശ്നമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തൃണമുല്‍ നേതാക്കള്‍ക്ക് ജാമ്യം അനുവദിക്കുന്ന കാര്യത്തില്‍ ജഡ്മിമാര് എതിര്‍പ്പ് പ്രകടിച്ച സാഹചര്യത്തില്‍ മൂന്നാമതൊരു ജഡ്ജിയുടെ അഭിപ്രായം തേടാതെ കേസ് വിശാല ബെഞ്ചിന്റെ പരിഗണനയ്ക്ക് വിട്ട കോടതി നടപടിയേയും ജസ്റ്റിസ് സിന്‍ഹ വിമര്‍ശിച്ചു. സിബിഐ പ്രത്യേക കോടതി നേതാക്കള്‍ക്ക് ഇടക്കാല ജാമ്യം അനുവദിച്ചിരുന്നെങ്കിലും ഹൈക്കോടതി അത് തടഞ്ഞിരുന്നു.
ജഡ്ജിമാരുടെ അനുചിതമായ പ്രവൃത്തി മൂലം ഇപ്പോഴുണ്ടായ ആക്ഷേപത്തില്‍ നിന്ന് ന്യായാധിപ സമൂഹത്തെ കരകയറ്റാനാവശ്യമായ പ്രവര്‍ത്തനം എല്ലാവരുടെ ഭാഗത്ത് നിന്നുണ്ടാവണമെന്നും ന്യായാധിപരുടെ പെരുമാറ്റം സംബന്ധിച്ചുള്ള അലിഖിത നിയമവും മറ്റ് തത്വങ്ങളും കൂടുതല്‍ ഉറപ്പാക്കുന്നതിനായി ആവശ്യമെങ്കില്‍ ഫുള്‍ കോര്‍ട്ട് പോലുള്ള നടപടി സ്വീകരിക്കാവുന്നതാണെന്നും ജസ്റ്റിസ് സിന്‍ഹ പറഞ്ഞു. തങ്ങള്‍ തിരഞ്ഞെടുത്ത് പ്രതിനിധികളുടെ സ്വാതന്ത്ര്യത്തില്‍ കോടതി അനാവശ്യമായ ഇടപെടല്‍ നടത്തിയ പോലെയാണ് പൊതുജനങ്ങള്‍ ഹൈക്കോടതിയുടെ ഈ തീരുമാനത്തെ നോക്കി കണ്ടതെന്നും ജസ്റ്റിസ് സിന്‍ഹ കൂട്ടിച്ചേര്‍ത്തു.
Content Highlights: Calcutta High Court Judge Questions Narada Case Decisions
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..