ന്യൂഡല്‍ഹി: കോവിഡ് മഹാമാരി തീര്‍ത്ത പ്രതിസന്ധിയില്‍ നിന്ന് കരകയറാന്‍ സാധിക്കാത്ത രാജ്യത്തെ ചെറുകിട-ഇടത്തരം കച്ചവടര്‍ക്ക് ദീപാവലി ഉത്സവകാലത്ത് കൈത്താങ്ങേകാന്‍ കാഡ്ബറിയുടെ പുതിയ പരസ്യം. രാജ്യത്തെ ഏറ്റവും വലിയ ബ്രാന്‍ഡ് അംബാസഡറായ ബോളിവുഡ് താരം ഷാരുഖിനെ ദീപാവലി കാലത്ത്‌ ഏതു ചെറിയ കടകളുടെയും ബ്രാന്‍ഡ് അംബാസഡറാക്കി മാറ്റാവുന്ന തരത്തിലാണ് കാഡ്ബറിയുടെ പരസ്യം. 

വ്യത്യസ്തമായ പരസ്യത്തിലൂടെ പരസ്യ മേഖലയില്‍ പുതിയ പരീക്ഷണങ്ങള്‍ക്കാണ് കാഡ്‌ബെറി വഴിവെക്കുന്നത്. ദീപാവലി ആഘോഷമാക്കാന്‍ കടകളില്‍ നിന്ന് പുതിയ വീട്ടുപകരണങ്ങള്‍, ഇലക്ട്രോണിക്‌സ്, ചെരുപ്പുകള്‍ എന്നിവയുടെ വില്‍പനയ്ക്ക് പ്രചാരം നല്‍കുന്നതാണ് പരസ്യം. 'ഇത് കാഡ്ബറിയുടെ പരസ്യം മാത്രമല്ല' എന്ന രണ്ടര മിനിറ്റോളം നീങ്ങുന്ന പരസ്യചിത്രം ഇതിനോടകം വൈറലായും മാറി.

മെഷീന്‍ ലേണിങ് സാങ്കേതിക വിദ്യ ഉപയോഗിച്ച് ഷാരൂഖിന്റെ മുഖഭാവവും ശബ്ദവും പരസ്യത്തില്‍ പുനഃരാവിഷ്‌കരിക്കാന്‍ സാധിക്കും. ഇതുവഴി രാജ്യത്തെ ഏത് പ്രാദേശിക കച്ചവടക്കാര്‍ക്കും തങ്ങളുടെ കടയുടെ പേരില്‍ ഷാരുഖിന്റെ പരസ്യം നിര്‍മിക്കാനാകും. കോവിഡ് പ്രതിസന്ധിയില്‍ നഷ്ടത്തിലായ ചെറുകിട കച്ചവടക്കാര്‍ക്ക് ദീപാവലി കാലത്ത് കൂടുതല്‍ ഉപഭോക്താക്കളെ തങ്ങളുടെ കടയിലേക്ക് ആകര്‍ഷിക്കാന്‍ ഇത്തരം പരസ്യത്തിലൂടെ സാധിക്കുമെന്നും കാഡ്ബറി കണക്കുകൂട്ടുന്നു. 

കാഡ്‌ബെറി വെബ്‌സൈറ്റിലൂടെ ഓരോ സ്ഥലത്തിന്റെയും പിന്‍കോഡ് ഉപയോഗിച്ചാണ് കച്ചവടക്കാര്‍ക്ക് അവരവരുടെ കടയുടെ പ്രചാരത്തിനുള്ള പരസ്യം നിര്‍മിക്കാന്‍ സാധിക്കുക. അതേസമയം എല്ലാ കടകളും ഇതില്‍ ഉള്‍ക്കൊള്ളിക്കാന്‍ പ്രയാസകരമാണെന്നും കമ്പനി പരസ്യത്തില്‍ പറയുന്നു. ചെറിയ കച്ചവടക്കാരെ പ്രോത്സാഹിപ്പിക്കാനുള്ള കാഡ്ബറിയുടെ ശ്രമത്തെ അഭിനന്ദിച്ച് നിരവധി പേര്‍ യൂട്യൂബ് വീഡിയോയ്ക്ക് താഴെ അഭിപ്രായം രേഖപ്പെടുന്നുണ്ട്.

കോവിഡ് മഹാമാരിയുടെ കാലത്ത് നഷ്ടത്തിലായ വലിയ വ്യവസായ കമ്പനികളും മുന്‍നിര ബ്രാന്‍ഡുകളും തിരിച്ചുവരവിന്റെ പാതയിലാണ്. എന്നാല്‍ ചെറിയ-ഇടത്തരം കച്ചവടക്കാരെല്ലാം ഇപ്പോഴും കരകയറാന്‍ ബുദ്ധിമുട്ടുകയാണ്. ഇവര്‍ക്കെല്ലാം സഹായമേകാനാണ് പുതിയ പരസ്യമെന്ന് പറഞ്ഞാണ് കാഡ്ബറിയുടെ ദീപാവലി പരസ്യം ആരംഭിക്കുന്നത്. നമുക്ക് ചുറ്റുമുള്ള ചെറിയ കച്ചവടക്കാരും സന്തോഷകരമായ ദീപാവലി അര്‍ഹിക്കുന്നുണ്ടെന്ന ഷാരൂഖിന്റെ സന്ദേശത്തോടെയാണ് പരസ്യം അവസാനിക്കുന്നത്. 

content highlights: Cadbury's viral Diwali ad, Shah Rukh Khan